കൊച്ചി-അറബിക്കടലില്‍ കൊങ്കണ്‍ ഗോവ തീരത്തും വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ കനത്തു. തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യത. മലയോരമേഖലകളില്‍ ജാഗ്രതാനിര്‍ദ്ദേശം. തിരുവനന്തപുരത്ത് മലയോര മേഖലയില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴയിലടക്കം ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. ഏറ്റവുമധികം മഴ ലഭിച്ചത് ചേര്‍ത്തലയിലാണ് (150.5 മില്ലി മീറ്റര്‍). അരൂക്കുറ്റിയില്‍ 148.4, കോട്ടയം 138.6. തിരുവനന്തപുരത്ത് 105 മി.മീറ്റര്‍. ഏറ്റവും കുറവ് കാസര്‍കോട്ടെ ഹോസ്ദുര്‍ഗില്‍. 55 മി.മീറ്റര്‍. മദ്ധ്യ, തെക്കന്‍ കേരളത്തിലാണ് മഴ സജീവം.
തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം, മദ്ധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍, മദ്ധ്യ, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.