Sorry, you need to enable JavaScript to visit this website.

യു.എ.പി.എ: കാംപസ് ഫ്രണ്ട് ദേശീയ നേതാവ് റഊഫ് ശരീഫ് ജയിൽമോചിതനായി; ജാമ്യം 28 മാസത്തിനുശേഷം

ന്യൂഡൽഹി - ഹാഥ്‌റസ് കേസിൽ യു.പി പോലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് മുൻ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫ് ജയിൽ മോചിതനായി. 28 മാസത്തിനു ശേഷം ജാമ്യം ലഭിച്ച് വെള്ളിയാഴ്ച വൈകിട്ട് 7.10-നാണ് ലക്‌നൗ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 
 2023 ജൂലൈ ഏഴിനു യു.എ.പിഎ കേസിൽ ജാമ്യം അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നാണ് പുറത്തിറങ്ങാനായത്. ഇതോടെ, മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവർക്കും ജാമ്യം ലഭിച്ചു.
 ലഖ്‌നൗ ജയിലിൽനിന്ന് പുറത്തിറങ്ങിയ റഊഫ് ശരീഫിനെ സ്വീകരിക്കാൻ ഭാര്യ ഫാത്തിമ ബത്തൂൽ, മകൻ മിഷേൽ, ഭാര്യാപിതാവ് മുഹമ്മദ് എന്നിവർ അടക്കം എത്തിയിരുന്നു.
 കളളപ്പണ ഇടപാട് ആരോപിച്ച് 2020 ഡിസംബർ 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് റഊഫ് ശരീഫിനെ ഇ.ഡി കസ്റ്റഡിയിൽ എടുത്തിരുന്നു. 2.31 കോടി രൂപ അക്കൗണ്ടിൽ വന്നുവെന്നായിരുന്നു ഇ.ഡിയുടെ വാദം. ഈ കേസിൽ 2021 ഫെബ്രുവരിയിൽ കോടതി ജാമ്യം നൽകിയെങ്കിലും ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന് പണം നൽകിയെന്ന മറ്റൊരു കേസും ശരീഫിനെതിരെ ചുമത്തുകയായിരുന്നു. 2020 ആഗസ്ത് അഞ്ചിന് ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ധീഖ് കാപ്പനോടൊപ്പം ജാമിഅ മില്ലിയ്യ ഗവേഷക വിദ്യാർത്ഥി മസൂദ് അഹമ്മദ്, വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ആലം, കാംപസ് ഫ്രണ്ട് മുൻ ദേശീയ ട്രഷറർ അതീഖുർറഹ്മാൻ എന്നിവരോടൊപ്പം റഊഫ് ശരീഫും യു.പി പോലീസ് പിടികൂടി ജയിലിൽ അടച്ചത്. 
 കേസിൽ മറ്റുള്ളവരെല്ലാം നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിൽ ഏറ്റവും അവസാനമാണ് നടപടിക്രമങ്ങൾ പൂർത്തിയായി ശരീഫിന് ജാമ്യത്തിലിറങ്ങാനായത്.

Latest News