കൊച്ചി - ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന പ്രചാരണം തെറ്റാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് മാന്യമായാണ് പെരുമാറിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇ.ഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. ആധാരം അവർ എടുത്തുകൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. രാവിലെ തൃശൂരിൽ വച്ച് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കരുവന്നൂരിൽ പോംവഴി കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ടതായും എം.കെ കണ്ണൻ ചോദ്യങ്ങളോടായി പ്രതികരിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് താൻ ജയിലിൽ കിടന്നതാണ്. അതിനാൽ അറസ്റ്റിനെയോ ജയിലിനെയോ തനിക്ക് ഭയമില്ലെന്നും വ്യക്തമാക്കി. ഇത് രണ്ടാംതവണയാണ് കണ്ണൻ ഇ.ഡിക്ക് മുമ്പാകെ ഹാജരായത്. കരുവന്നൂർ ബാങ്ക് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന തൃശൂരിലെ ബാങ്കിൽ നടന്ന ദുരൂഹ ഇടപാടുകളിലുമാണ് ഇ.ഡിയുടെ അന്വേഷണം.
ചോദ്യംചെയ്ത് നാല് മണിക്കൂറിനകം വിട്ടയച്ച എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വീണ്ടും കണ്ണനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, രണ്ട് മുൻ പോലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ ഇ.ഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുന്നതായാണ് വിവരം.