ഗുവാഹത്തി- അസം പൗരത്വ രജിസറ്ററില്‍ നിന്ന് 40 ലക്ഷത്തോളം പേരെ പുറത്താക്കിയ നടപടി രക്ത ചൊരിച്ചിലിനും ആഭ്യന്തര യുദ്ധത്തിനും വഴിയൊരുക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിദ്വേഷപരമെന്ന് പരാതി. സംഘര്‍ഷവും വിദ്വേഷവും ഇളക്കിവിടുന്ന തരത്തിലുള്ള പ്രസ്താവനയാണ് മമതയുടേതെന്ന പരാതിയുമായി അസമിലെ ദിബ്രുഗഡിലെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരാണ് പോലീസിനെ സമീപിച്ചത്. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) അന്തിമ കരട് പട്ടിക ഉപയോഗിച്ച് ബി.ജെ.പി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുകയാണെന്നും മമത ആരോപിച്ചിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അസമിലെ ലക്ഷക്കണക്കിന് ജനങ്ങളെ അന്യനാട്ടുകാരാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മമത പറഞ്ഞിരുന്നു. ആഭ്യന്തര യുദ്ധമെന്ന പരാമര്‍ശവുമായി മമത ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നു.