ചെന്നൈ - കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകള്‍ തള്ളി ജസ്റ്റിസ് പി.വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. ഉദ്യോഗസ്ഥര്‍ 18 സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. 1992 ജൂണിലാണ് 18 കേസിനാസ്പദമായ സംഭവം നടന്നത്. ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നു കോടതി ഉത്തരവിട്ടു. മരണപ്പെട്ട മൂന്നു സ്ത്രീകളുടെ കുടുംബത്തിന് അധിക ധനസഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍നിന്ന് ഈടാക്കണം. നാല് ഐ എഫ് എസുകാരടക്കം വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞാണ് വാചാതി ഗ്രാമം അന്വേഷണസംഘം വളഞ്ഞിരുന്നത്. റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികള്‍ പരാതിപ്പെട്ടു. 1995ല്‍ സി പി എം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി സി ബി ഐയ്ക്ക് കൈമാറി. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്. റെയ്ഡിനെന്ന് പറഞ്ഞെത്തിയ ഉദ്യോഗസഥര്‍ 18 സ്ത്രീകളെ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. 2011 സെപ്റ്റംബറില്‍ ധര്‍മപുരി പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 269 പേര്‍ക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഇതില്‍ 54 പേര്‍ മരിച്ചു.