ഇന്ത്യയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ ആരെന്ന് കണ്ടെത്തുന്ന ശാസ്ത്രീയ പഠനം ക്രിക്ഇന്‍ഫോയുടെ ക്രിക്കറ്റ് മന്ത്‌ലി മാഗസിന്‍ പ്രസിദ്ധീകരിച്ചു. നിരവധി ഘടകങ്ങളെ ആസ്പദമാക്കിയാണ് ഈ പഠനം. ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ ടീമിന്റെ അവസ്ഥ, ഒഴിവാകുമ്പോഴുള്ള അവസ്ഥ, ശക്തരായ എതിരാളികള്‍ക്കെതിരായ വിജയം തുടങ്ങി നിരവധി ഘടകങ്ങള്‍ പഠനത്തിനായി അവലംബിച്ചു. 12 ക്യാപ്റ്റന്മാരാണ് പട്ടികയിലുള്ളത്.
അതില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്. വളരെ പ്രതിസന്ധി നിറഞ്ഞ കാലത്ത് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സൗരവ് 128 റാങ്കിംഗ് പോയന്റ് മുകളിലേക്ക് ടീമിനെ എത്തിച്ചാണ് വിടവാങ്ങിയത്. വിദേശ മണ്ണില്‍ വിജയിക്കാമെന്ന മനോഭാവം ടീമില്‍ സൃഷ്ടിക്കാനും ഗാംഗുലിക്ക് സാധിച്ചു. വിരാട് കോഹ്‌ലി, അജിത് വഡേക്കര്‍, അനില്‍ കുംബ്ലെ, മുഹമ്മദ് അസ്ഹറുദ്ദീന്‍, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരും ടീമിനെ മുന്നോട്ട് നയിച്ചവരാണ്. കോഹ്‌ലിയുടെ കീഴില്‍ ടീം കുതിപ്പ് തുടരുകയാണെങ്കില്‍ വൈകാതെ ഗാംഗുലി പിന്നിലാവും.
അതേസമയം, രാഹുല്‍ ദ്രാവിഡ്, നവാബ് പട്ടോഡി, ബിഷന്‍ സിംഗ് ബേദി, സചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര ധോണി എന്നിവരുടെ കീഴില്‍ ടീം പിന്നോട്ടുപോയി. ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടീം ജയിച്ചെങ്കിലും നാട്ടില്‍ തിരിച്ചടിയേറ്റു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ ഏറ്റെടുക്കുമ്പോഴുള്ളതിന്റെ 82 റാങ്കിംഗ് പോയന്റ് പിന്നിലായിരുന്നു ടീം.