പെഷവാർ - പാകിസ്താനിൽ നബിദിനാഘോഷ റാലിക്കിടെയുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 70-ലേറെ പേർക്ക് പരുക്കുണ്ട്. തെക്കു പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്താനിലെ അൽഫലാഹ് റോഡിലെ മദീന മസ്ജിദിന് സമീപത്ത് വച്ചാണ് ചാവേർ സ്‌ഫോടനമുണ്ടായത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് ഗിഷ്‌കോരിയുടെ വാഹനത്തിനരികെ വച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ പരുക്ക് ഗുരുതരമാണെന്നും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നുമാണ് റിപോർട്ട്. പ്രവാചകന്റെ ജൻമദിനം ആഘോഷിച്ച നിരപരാധികൾക്കു നേരെ ഇത്തരത്തിലൊരു ആക്രമണം നടത്തിയവർ ഭീരുക്കളാണെന്നും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി.