പട്‌ന - വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവതിയെ അടിച്ചുകൊന്നു. പലിശക്കാരുടെ ആക്രമണത്തില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിന്റെ കിഴക്കന്‍ നഗരമായ കതിഹാറിലാണ് സംഭവം. യുവതി പണമിടപാടുകാരില്‍ നിന്ന് വായ്പയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഒരു സംഘം ആളുകള്‍ വീട്ടിലെത്തിയിരുന്നു. പണം തിരിച്ചു തരാന്‍ നിവ്യത്തിയില്ലെങ്കില്‍ പകരം യുവതിയുടെ മൊബൈല്‍ ഫോണ്‍ നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടതായി മകള്‍ പൊലീസിനോട് പറഞ്ഞു. യുവതി മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ സംഘം യുവതിയെ മര്‍ദിക്കുകയായിരുന്നു. ക്രൂര മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ ഫാല്‍ക്ക പൊലീസ് അറസ്റ്റ് ചെയ്തത്.