കോഴിക്കോട്-നിപ ബാധിച്ച് ആദ്യം മരണപ്പെട്ടയാളുടെ മകനും ഭാര്യാസഹോദരനും ഇന്ന് ആശുപത്രി വിടും. 27 ന് വന്ന നിപ പരിശോധനാഫലം നെഗറ്റീവായതോടെയാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്യാനൊരുങ്ങുന്നത്. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി എടവലത്ത് മുഹമ്മദിന്റ ഒമ്പതുകാരനായ മകനും ഭാര്യാസഹോദരനുമാണ് നിപ വൈറസില്‍ നിന്ന് മുക്തി നേടി ആശുപത്രി വിടുന്നത്.
ഒമ്പതുകാരന്റെ ആരോഗ്യ നിലയില്‍ ഏറെ ആശങ്കകള്‍ ഉയര്‍ന്നിരുന്നെങ്കിലും പടിപടിയായി നില മെച്ചപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.ദുരന്തം അപ്രതീക്ഷിതമായി തേടിയെത്തിയ കുടുംബത്തിന് വലിയ ആശ്വാസമാണിത്. ഓഗസ്റ്റ് 30ന് ഗൃഹനാഥനായ മുഹമ്മദിന്റെ മരണത്തോടെ തകര്‍ന്ന കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയാണ് സെപ്തംബര്‍ ഒമ്പതിന് രണ്ടുപേരെ കൂടി സമാന ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയമാണ് നിപ പരിശോധനയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന മകന്‍ ഗുരുതരാവസ്ഥയില്‍,സഹോദരനും രോഗബാധ. ആശങ്കയിലും ആധിയിലുമായിരുന്നു കുട്ടിയുടെ അമ്മ. ഒരു മാസക്കാലത്തെ അവരുടെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാവുന്നത്.ഒമ്പതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ കുട്ടി വെന്റിലേറ്ററിലായിരുന്നു. ഗുരുതരമായ ശ്വാസ തടസവും അപസ്മാരത്തിന്റെ ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നു. പിന്നീട് തലച്ചോറിനെയും ബാധിച്ച് തുടങ്ങിയിരുന്നെങ്കിലും ആശുപത്രിയുടെ നിരന്തര പരിശ്രമത്തെ തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ സാധിച്ചു. വീട്ടിലെത്തിയാലും ചികിത്സ തുടരും. ചുമയും മറ്റ് ലക്ഷണങ്ങളുമാണ്ടിരുന്നെങ്കിലും ഭാര്യാ സഹോദരന്റെ ആരോഗ്യ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. 27-ന് ലഭിച്ച പരിശോധന ഫലത്തിലാണ് നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. 29-ന് രാവിലെ ഒരു ഫലം കൂടിവരും. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.