നെഹ്‌റുവല്ല സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന് ബി. ജെ. പി എം. എല്‍. എ

ബെംഗളുരു- ജവഹര്‍ലാല്‍ നെഹ്‌റുവല്ല ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് കര്‍ണാടക ബി. ജെ. പി എം. എല്‍. എ. ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലാണ് ഇക്കാര്യം പറഞ്ഞത്. സംഗതി വിവാദമായി. 

പൊതുപരിപാടിയെ അഭിസംബോധന ചെയ്താണ് എം. എല്‍. എയുടെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആയിരുന്നുവെന്നും നെഹ്‌റുവല്ലെന്നുമാണ് ബസന്‍ഗൗഡയുടെ പരാമര്‍ശം. ബോസ് ഭയം ജനിപ്പിച്ചതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതെന്നും എം. എല്‍. എ പറഞ്ഞു. കേന്ദ്ര റെയില്‍വേ, ടെക്‌സ്‌റ്റൈല്‍ മുന്‍ സഹമന്ത്രിയായിരുന്നു ബസന്‍ഗൗഡ.

പട്ടിണി സമരം മൂലം നമുക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തില്‍ എഴുതി. ഒരു കരണത്ത് അടിച്ചാല്‍ നമ്മള്‍ മറു കരണം കാണിക്കണം എന്നതായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരില്‍ ജനിപ്പിച്ച ഭയം കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്.- ബസന്‍ഗൗഡ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി. രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു. സ്വന്തമായി കറന്‍സിയും പതാകയും ദേശീയ ഗാനവും ഉണ്ടായിരുന്നു. നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയല്ല, നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറയുന്നതും ഇതാണ്.'

വിവാദങ്ങള്‍ക്ക് പേരുകേട്ടയാളാണ് ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍. കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ 6-7 മാസത്തിനുള്ളില്‍ തകരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം ചേരിപ്പോരായിരിക്കുമെന്നും സംസ്ഥാനത്തെ അഴിമതി വിഷയം ബി. ജെ. പി ഉന്നയിക്കുമെന്നും ബസന്‍ഗൗഡ പറഞ്ഞിരുന്നു.

Latest News