ന്യൂദൽഹി- മധ്യപ്രദേശിലെ ഉജ്ജയിനിൽ പതിനഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. തെളിവെടുപ്പിന് കൊണ്ടുവന്ന ഇയാൾ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. പീഡനത്തിന് ഇരയാകുന്ന സമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീണ്ടെടുക്കാനായിരുന്നു പോലീസ് സ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിനിടെ റോഡിൽ വീണ് ഇയാൾക്ക കാലിനും കൈക്കും പരിക്കേറ്റു. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. 'പ്രതി ഉജ്ജയിൻ സ്വദേശിയാണ്. പെൺകുട്ടി ഒറ്റയ്ക്ക് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാണ് ഇയാൾ അക്രമിച്ചത്.
പതിനഞ്ചു വയസുള്ള പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പിന്നീട് സഹായം തേടി വീടുകൾ കയറിയിറങ്ങി സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതിന് ശേഷം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ചോദ്യം ചെയ്തു. മുച്ചക്ര വാഹനത്തിൽ രക്തക്കറ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം രക്ഷപ്പെട്ട യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മൊഴിയെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിന് ഇരയായി, വസ്ത്രങ്ങളില്ലാതെ നിന്ന പെൺകുട്ടിയെ ഒരാൾ ഓടിച്ചുവിടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ഒരു ആശ്രമത്തിലാണ് പെൺകുട്ടിക്ക് അഭയം ലഭിച്ചത്. 2019 നും 2021 നും ഇടയിൽ ഏറ്റവും കൂടുതൽ സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായ കേസുകൾ മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടാതെ, ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021-ൽ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലാണ്- 6,462. അതിൽ 50 ശതമാനത്തിലേറെയും പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങളാണ്. പ്രതിദിനം 18 ബലാത്സംഗങ്ങൾ എന്നാണ് കണക്ക്.