Sorry, you need to enable JavaScript to visit this website.

പ്രാർത്ഥിക്കൂ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കും; രാഷ്ട്രീയം തുടരുമെന്നും നടൻ സുരേഷ് ഗോപി

തിരുവനന്തപുരം - കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് നടനും രാജ്യസഭാ മുൻ എം.പിയുമായ സുരേഷ് ഗോപി അറിയിച്ചു. സമൂഹമാധ്യമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമനം മുൻകൂട്ടി അറിയിക്കാത്തതിലുള്ള അതൃപ്തി മാറ്റിവെച്ചാണ് താരം പുതിയ സ്ഥാനം ഏറ്റെടുക്കുക.
 ഇത് ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതായി നടൻ അറിയിച്ചു. സുരേഷ് ഗോപിയുടെ കുറിപ്പ് ഇപ്രകാരമാണ്.
 കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് നന്ദി.
100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പും ഉള്ളതുകൊണ്ടാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും. എനിക്കുവേണ്ടി പ്രാർത്ഥിക്കൂ, അതുവഴി ലോകപ്രശസ്തനായ ഇന്ത്യൻ സിനിമകളിലെ ഷേക്‌സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും.
P.s: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാർച്ചിനൊപ്പം ഞാനും പോകും.

Latest News