ചെന്നൈ - പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ പത്മഭൂഷൺ എം.എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ചതിൽ നിർണായക സംഭാവന നൽകിയ പ്രതിഭയാണ്.
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് മാങ്കൊമ്പിൽ 1925 ആഗ്സത് ഏഴിനു ഡോ. എം.കെ സാംബശിവന്റെയും പാർവതി തങ്കമാളിന്റെയും മകനായി ജനിച്ച മാങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. 1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു.
ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യം 1967-ൽ പത്മശ്രീയും 1972-ൽ പത്മഭൂഷണും 1989-ൽ പത്മവിഭൂഷണും നൽകി ആദരിച്ച ഇദ്ദേഹത്തിന് റമൺ മാഗ്സസെ അവാർഡ്, ഫ്രങ്ക്ലിൻ റൂസ്വെൽറ്റ് പുരസ്ക്കാരം, കേരള ശാസ്ത്ര പുരസ്കാരം, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പഴയ മഹാരാജാസ് കോളേജിൽ (യൂണിവേഴ്സിറ്റി കോളേജ്) നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കോയമ്പത്തൂരിലെ കാർഷിക സർവ്വകലാശാലയിൽ കൃഷി ശാസ്ത്രത്തിൽ ഉപരിപഠനത്തിന് ചേർന്നു.1947ൽ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടെ നെതർലൻഡ്സിൽ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതർലൻഡ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അംഗമായി. 1950ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് ചേർന്നു. 1952-ൽ പി.എച്ച്.ഡി ബിരുദം കരസ്ഥമാക്കി. തുടർന്ന് വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു. 1954ന്റെ തുടക്കത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ബോട്ടണിസ്റ്റായി താത്കാലിക ജോലിയിൽ പ്രവേശിച്ചു.
1954 ഒക്ടോബറിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. പിന്നാലെ, അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിച്ചു. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ എം.എസ് സ്വാമിനാഥൻ നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുത്ത് കർഷകർക്കിടയിൽ പ്രചരിപ്പിച്ചു.
1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. 1943-ൽ ബംഗാളിലുണ്ടായ കടുത്ത ഭക്ഷ്യ ക്ഷാമമാണ് രാജ്യത്തെ വിശപ്പ് രഹിതമാക്കാനുളള പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. 20-ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാൾ ഇദ്ദേഹമാണെന്ന് ടൈംസ് മാഗസിൻ വിശേഷിപ്പിച്ചിരുന്നു. മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട മറ്റു രണ്ടുപേർ. ഭക്ഷ്യസുരക്ഷയ്ക്ക് ഫലപ്രദമാകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിത വിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശിപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേംബ്രിഡ്ജിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട മിന സ്വാമിനാഥനാണ് ഭാര്യ. സൗമ്യ, മധുര, നിത്യ എന്നിവർ മക്കളാണ്.