ന്യൂദല്‍ഹി- മുഖര്‍ജി നഗറിലെ പെണ്‍കുട്ടികളുടെ പേയിംഗ് ഗസ്റ്റ് സ്ഥാപനത്തില്‍ തീപിടുത്തം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 35 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കാന്‍ 20 അഗ്നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.
ഗോവണിപ്പടിക്ക് സമീപം സ്ഥാപിച്ചിരുന്ന മീറ്റര്‍ ബോര്‍ഡില്‍ നിന്ന് തീ പടര്‍ന്ന് മുകളിലത്തെ നിലകളിലേക്ക് എത്തിയതാണെന്നാണ് കരുതുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
ഈ വര്‍ഷം ജൂലൈയില്‍, ഇതേ പ്രദേശത്തെ ഒരു കോച്ചിംഗ് സെന്ററിലും വലിയ തീപിടിത്തം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജനാലവഴി ഇറങ്ങുന്നതിന്റെയും മറ്റും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.