ചണ്ഡീഗഡ്-കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ കൊണ്ട് മറ്റൊരു പ്രതിയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിപ്പിച്ച പഞ്ചാബ് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും മറ്റ് രണ്ട് പൊലീസുകാരുമാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലുധിയാന പോലീസ് കമ്മിഷണര്‍ മന്‍ദീപ് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
അഭിഭാഷകന്‍ നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് പഞ്ചാബ് ബാര്‍ അസോസിയേഷനാണ് പരാതി നല്‍കിയത്. പിന്നാലെ മുഖ്യമന്ത്രി ഭഗവന്ത് മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടങ്ങുന്ന ആറംഗ സംഘമാണ് അഭിഭാഷകനെ ഉപദ്രവിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുക്ത്‌സര്‍ എസ്പി രമണ്‍ദീപ് സിംഗ് ഭുള്ളര്‍, ഇന്‍സ്പെക്ടര്‍ രമണ്‍ കുമാര്‍ കാംബോജ്, കോണ്‍സ്റ്റബിള്‍മാരായ ഹര്‍ബന്‍സ് സിംഗ്, ഭൂപീന്ദര്‍ സിംഗ്, ഗുര്‍പ്രീത് സിംഗ്, ഹോം ഗാര്‍ഡ് ദാരാ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എസ്പി രമണ്‍ദീപ് സിംഗ് ഭുള്ളര്‍, ഇന്‍സ്പെക്ടര്‍ രമണ്‍ കുമാര്‍ കാംബോജ്, കോണ്‍സ്റ്റബിളായ ഹര്‍ബന്‍സ് സിംഗ് എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്.
സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള ആരോപണം പുറത്തുവരുന്നത്. പിന്നാലെ സഹപ്രവര്‍ത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ കോടതി ബഹിഷ്‌കരിച്ചു. അഭിഭാഷകനെ ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ചുമതലയുള്ള രമണ്‍ കുമാര്‍ കാംബോജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 14 ന് ആണ് അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത്. അഭിഭാഷകരുടെ സംഘം പൊലീസുകാരെ ആക്രമിക്കുകയും ചില ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. അഭിഭാഷകനൊപ്പം മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളോടൊപ്പമാണ് അഭിഭാഷകനെ നിര്‍ബന്ധിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തിയത്. അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുക്ത്‌സര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് സെപ്റ്റംബര്‍ 22ന് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.