ബേമിംഗ്ഹാം - ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ആദിൽ റഷീദാണ് ടീമിലെ ഏക സ്പിന്നർ. 2016 ഡിസംബറിൽ ചെന്നൈയിൽ ഇന്ത്യക്കെതിരെ കളിച്ച ശേഷം റഷീദിന്റെ പ്രഥമ ടെസ്റ്റായിരിക്കും ഇത്. ജന്മനാട്ടിൽ ആദ്യമായാണ് റഷീദ് ടെസ്റ്റ് കളിക്കുക. വിരമിച്ച റഷീദിനെ തിരിച്ചുവിളിച്ചതിനെതിരെ വൻ വിമർശനമുയർന്നിരുന്നു. ടീമിലെ ഏക സ്പിന്നർ എന്നതിനാലും റഷീദിന് സമ്മർദ്ദമേറും. ക്യാപ്റ്റൻ ജോ റൂട്ടിന് സ്പിൻ എറിയാനാവുമെങ്കിലും പ്രധാനമായും ബാറ്റ്‌സ്മാനാണ്. പരിചയസമ്പന്നരായ ജെയിംസ് ആൻഡേഴ്‌സനും (138 ടെസ്റ്റിൽ 540 വിക്കറ്റ്) സ്റ്റുവാർട് ബ്രോഡുമാണ് (118 ടെസ്റ്റിൽ 417 വിക്കറ്റ്) പെയ്‌സാക്രമണം നയിക്കുക. ഓൾറൗണ്ടർമാരായ സാം കരണും ബെൻ സ്റ്റോക്‌സും പിന്തുണക്കും.
പ്രതീക്ഷിച്ചതു പോലെ വരണ്ടതായിരിക്കില്ല എജ്ബാസ്റ്റണിലെ പിച്ച് എന്നതിനാൽ മുഈൻഅലിയെ ടീമിലെടുത്തിട്ടില്ല. ആഴ്ചകളായി ഇംഗ്ലണ്ടിൽ ചൂടുകാറ്റ് വീശുകയാണെങ്കിലും പിച്ച് നന്നായി നനച്ചു സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പാക്കിസ്ഥാനെതിരെ അരങ്ങേറിയ ഓൾറൗണ്ടർ സാം കരണും ഓപണർ കീറ്റൻ ജെന്നിംഗ്‌സും സ്ഥാനം നിലനിർത്തി. പതിമൂന്നംഗ ടീമിൽ നിന്ന് മുഈനെ കൂടാതെ പുതുമുഖ പെയ്‌സ്ബൗളർ ജെയ്മി പോർടറെയും ഒഴിവാക്കി. ജോസ് ബട്‌ലറെ വൈസ് ക്യാപ്റ്റനായും ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. റഷീദിനെ പോലെ ബട്‌ലറും നിശ്ചിത ഓവർ ക്രിക്കറ്റിലൂടെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത്. ബെൻ സ്റ്റോക്‌സായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റൻ. എന്നാൽ കഴിഞ്ഞ വർഷം ഒരു പബ്ബിനു പുറത്തുണ്ടായ കശപിശക്കുശേഷം സ്ഥാനം നഷ്ടപ്പെട്ടു. അതുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നതിനാൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്റ്റോക്‌സിന് കളിക്കാനുമാവില്ല.
ടീം: അലസ്റ്റർ കുക്ക്, ജെന്നിംഗ്‌സ്, ജോ റൂട്ട് (ക്യാപ്റ്റൻ), ഡേവിഡ് മലൻ, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ്കീപ്പർ), ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, റഷീദ്, കരൺ, സ്റ്റുവാർട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സൻ.