തിരുവനന്തപുരം - ചെയ്ത തെറ്റില്‍ കുറ്റ ബോധമുണ്ടോ ?ചോദ്യം മാധ്യമ പ്രവര്‍ത്തകരുടെതാണ്. ഉത്തരം പറയേണ്ടത് കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഗ്രീഷ്മയാണ്. പക്ഷേ ജയില്‍ വാതിലില്‍ നിന്ന് പുറത്തേക്ക് കടന്നപ്പോള്‍ മൗനമായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസ് തിരുവനന്തപുരം കോടതിയില്‍ നിന്ന് തമിഴ്‌നാട്ടിലെ കോടതിയിലേക്ക് മാറ്റാന്‍ ഹര്‍ജി നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് കോടതിയില്‍ ഇരിക്കുന്ന കാര്യമല്ലേയെന്ന് തര്‍ക്കുത്തരത്തോടെയുള്ള മറുപടിയും.
കേരളത്തെയാകെ നടുക്കിക്കളഞ്ഞ പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ മാധ്യമ പ്രവര്‍ത്തകര്‍ക്കല്ല, ആര്‍ക്കും തന്നെ അത്ര എളുപ്പത്തില്‍ വീഴ്ത്താനാകില്ല. കാരണം ഷാരോണിനെ കൊന്നത് മുതല്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് വരെയുള്ള അവരുടെ ഓരോ നീക്കങ്ങളും വളരെ ആസൂത്രിതമായിരുന്നു. ആദ്യമായാണ് ഒരു കേസില്‍ ഉള്‍പ്പടെുന്നതെങ്കില്‍ പോലും അതിന്റെതായ ഭീതിയോ, ജാള്യതയോ ഒരു കൊലക്കേസ് പ്രതി എന്ന നിലയില്‍ സമൂഹത്തെ നേരിടാനുള്ള ബുദ്ധിമുട്ടോ ഒന്നും ഗ്രീഷ്മയുടെ നടപ്പിലോ എടുപ്പിലോ ഇല്ല. അവര്‍ മൂന്‍കൂട്ടി നിശ്ചയിച്ചതുപോലെയാണ് കേസിലെ ഓരോ കാര്യങ്ങളും മുന്നോട്ട് നീങ്ങുന്നത്. തനിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ ഒരു കോടതിക്കും കഴിയില്ലെന്ന പൂര്‍ണ്ണ ആത്മവിശ്വാസമാണ് ഇപ്പോള്‍ ഗ്രീഷ്മയെ നയിക്കുന്നത്. ഗ്രീഷ്മ രക്ഷപ്പെടുമെന്ന ആശങ്കയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍ മാത്രമല്ല, ഈ കേസിന്റെ ഗതിവിഗതികളെ നീരീക്ഷിക്കുന്നവരെല്ലാം പങ്കുവെയ്ക്കുന്നത്.
നടക്കുന്നത് കൃത്യമായ ആസൂത്രണം
കൊടും ക്രമിനലുകള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത ആസൂത്രിത നീക്കങ്ങളാണ് കാമുകനായിരുന്ന ഷാരോണിനെ കഷായത്തിലും ജ്യൂസിലും വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ഗ്രീഷ്മ നടത്തിയത്. നിര്‍ഭാഗ്യം കൊണ്ടും അന്വേഷണ ഉദ്യോഗസ്ഥനുണ്ടായ സംശയത്തിന്റ പേരിലും പിടിക്കപ്പെട്ടുവെന്ന് മാത്രം. അല്ലെങ്കില്‍ എല്ലാ നിയമ സംവിധാനങ്ങളെയും കബളിപ്പിച്ചു കൊണ്ട് ഗ്രീഷ്മ ഇപ്പോള്‍ സൈനികന്റെ ഭാര്യയായി കഴിയുന്നുണ്ടാകുമായിരുന്നു. സാമ്പത്തികമായി നല്ല നിലയിലുള്ള സൈനികനെ വിവാഹം കഴിക്കാനാണ് രഹസ്യമായി താലികെട്ടിയ കാമുകനായ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. ഷാരോണിനെ കൊലപ്പെടുത്താനും അത് മറച്ചുവെയ്ക്കാനുമായി കാണിച്ച ആസൂത്രണ മികവ് കേസിന്റെ നടത്തിപ്പിലും ഗ്രീഷ്മ ഇപ്പോള്‍ കാണിക്കുന്നുണ്ട്. അത് തന്നെയാണ് കേരളത്തെ ഞെട്ടിച്ച കൊലക്കേസ് പ്രതിയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നിഷ്പ്രയാസം ജാമ്യത്തില്‍ ജയിലിന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
പാറശ്ശാലയിലെ ' ജോളി '
2019 ഒക്ടോബറിലാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് കൂടത്തായി കൂട്ടക്കൊലപാതക്കേസിലെ പ്രതി ജോളി അറസ്റ്റിലാകുന്നത്. വിവിധ കാലഘട്ടങ്ങളിലായി ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. കേരളം ഇതുവര കണ്ടിട്ടില്ലാത്ത ഏറ്റവും ആസൂത്രണ മികവോടെയുള്ള കൊലപാതക പരമ്പരയായിരുന്നു കൂടത്തായിയിലേത്. അതിന്റെ ഞെട്ടലില്‍ നിന്ന് കേരളം മുക്തമാകുന്നതിനിടയിലാണ് ഇതിന് സമാനമായ രീതിയില്‍ ഷാരോണിന്റെ കൊലപാതകം നടന്നത്. കൂടത്തായിയില്‍ നിന്ന് വ്യത്യസ്തമായി പാറശ്ശാലയില്‍ ഒരാളെ മാത്രമേ ഗ്രീഷ്മ കൊലപ്പെടുത്തിയുള്ളൂവെങ്കിലും കൊലപാതകം നടത്തുന്നതിന് കൂടത്തായിയിലെ ജോളി കാണിച്ച ആസൂത്രണ മികവ് ഗ്രീഷ്മയും കാണിച്ചിരുന്നു. പത്തുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് കാമുകനായിരുന്ന പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോണിനെ ഗ്രീഷ്മ കഷായത്തിലും ജ്യൂസിലും വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്.
2022 ഒക്ടോബര്‍ 14 ന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കഴിച്ച് അവശ നിലയില്‍ ആശുപത്രിയിലായ ഷാരോണ്‍ ഒക്ടോബര്‍ 25 നാണ് മരിക്കുന്നത്. ഷാരോണുമായുള്ള ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സൈനികനായ മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്‍പ് പല തവണ ഷാരോണിന് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും രുചി വ്യത്യാസം കാരണം കുടിക്കാതെ തുപ്പിക്കളഞ്ഞതിനാലാണ് ഷാരോണിന്റെ ആയുസ് നീണ്ടുപോയത്. താന്‍ ദിവസേന കുടിക്കുന്ന കഷായമാണെന്ന് കളവ് പറഞ്ഞാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിനെ കുടിപ്പിച്ചത്. ഗ്രീഷ്മ ഒരിക്കലും തന്നെ ചതിക്കില്ലെന്ന വിശ്വാസം കൊണ്ടാകാം വിഷക്കഷായം കുടിച്ച കാര്യം മരണമൊഴിയില്‍ പോലും ഷാരോണ്‍ പറഞ്ഞിരുന്നില്ല.
ജയിലിലും കോടതിയിലും നടന്നത്
ഗ്രീഷ്മ നടത്തിയ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല കുമാരനും ഗ്രീഷ്മയെ രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയെങ്കിലും അവരും കേസില്‍ കൂട്ടു പ്രതികളായി. എന്നാല്‍ ഇരുവര്‍ക്കും നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഗ്രീഷ്മയെ ഏത് രീതിയിലും ജയിലില്‍ നിന്ന് പുറത്തിറക്കാനായി അവരുടെ ശ്രമം. അതിന് വേണ്ടി എത്ര പണം മുടക്കാനും അവര്‍ തയ്യാറായിരുന്നു. കേസില്‍ പോലീസ് മികവുറ്റ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസ് നീട്ടിക്കൊണ്ടു പോകുന്നതിനായി പല ഹര്‍ജികളും പ്രതിഭാഗത്ത് നിന്ന് കോടതിയിലെത്തി. കേസ് വിചാരണക്കെടുക്കുന്നതിന് മുന്‍പ് ജാമ്യം നേടുകയെന്നതായിരുന്നു ലക്ഷ്യം. പോലീസ് കസ്റ്റഡിയിലിരിക്കേ ബാത്ത് റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാ നാടകം നടത്തിയ ഗ്രീഷ്മ അട്ടക്കുളങ്ങര സബ് ജയിലില്‍ സഹതടവുകാരെ പല രീതിയിലും പീഡിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ശല്യം സഹിക്ക വയ്യാതെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗ്രീഷ്മയെ മാവേലിക്കര ജയിലിലേക്ക് മാറ്റിയത്. ഇതിനിടയില്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള എല്ലാ നിയമപരമായ അടവുകളും ഗ്രീഷ്മയുടെ അഭിഭാഷകര്‍ പയറ്റിയിരുന്നു. അതിന്റെ ഫലമാണ് ക്രൂരമായ കൊലപാതകത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രീഷ്മയ്ക്ക് ജാമ്യത്തില്‍ പുറത്തിങ്ങാന്‍ കഴിഞ്ഞത്.
ജാമ്യം കൊടുക്കാന്‍ കോടതി പറഞ്ഞ കാരണങ്ങള്‍
സമൂഹം എന്ത് കരുതുമെന്ന് നോക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ നീണ്ടു പോകുന്നതും പ്രതി മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടില്ലെന്നതുമെല്ലാം ജാമ്യം കിട്ടുന്നതിന് കാരണമായി. പ്രോസിക്യൂഷനാകട്ടെ ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കുന്നതിനെ കാര്യമായി കോടതിയില്‍ എതിര്‍ത്തതുമില്ല. ഇക്കാര്യം വിധിന്യായത്തില്‍ കോടതി പറയുന്നുമുണ്ട്. ഗ്രീഷ്മ വിദേശത്തേക്കും മറ്റും കടന്നുകളുയുമെന്ന ഭയം പ്രോസിക്യൂഷനില്ലെന്ന് ജാമ്യ ഉത്തരവില്‍ തന്നെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവിടെയാണ് കേസ് നേരായ രീതിയിലല്ല മുന്നോട്ട് നീങ്ങുന്നതെന്നും ഒരുപാട് കളികള്‍ ഇതിന് പിന്നില്‍ നടക്കുന്നുണ്ടെന്നുമുള്ള കാര്യം ഷാരോണിന്റെ കുടുംബമടക്കം ചൂണ്ടിക്കാട്ടുന്നത്.
ഗ്രീഷ്മയുടെയും കുടുംബത്തിന്റെയും പണവും സ്വാധീനവും മൂലം കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പറയുന്നുണ്ട്. കേസ് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നതിന്റെ കാരണമാണ് അവര്‍ക്ക് അറിയേണ്ടത്. മറ്റ് പല കൊലപാതകക്കേസുകളിലും പ്രതികള്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുമ്പോള്‍ ക്രൂരകൊലപാതകം നടത്തിയ ഗ്രീഷ്മയ്ക്ക് മാത്രം ഇത്രയും വേഗം എങ്ങനെ ജാമ്യം കിട്ടിയെന്ന അവരുടെ ചോദ്യം പണവും സ്വാധീനവും ഉപയോഗിച്ച് കേസില്‍ അട്ടിമറികള്‍ നടക്കുന്നുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇനിയാണ് ഗ്രീഷ്മയുടെ കളി
കോടതിയില്‍ ഇത് വരെ നടന്ന നീക്കങ്ങളെല്ലാം അനുകൂലമായതോടെ കേസില്‍ നിന്ന് ഏത് വിധേനയും രക്ഷപ്പെടാമെന്ന വലിയ ആത്മവിശ്വാസം ഗ്രീഷ്മയ്ക്കും കുടുംബത്തിനും ഉണ്ടായിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മയുടെ വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം ഈ ആത്മവിശ്വാസം പ്രകടമാണ്. ഇനിയാണ് ഗ്രീഷ്മയുടെ കളി കാണാന്‍ പോകുന്നത്. പ്രധാനമായും രണ്ട് പോയന്റില്‍ കേന്ദ്രീകരിച്ചാണ് അവര്‍ കേസിനെ കൊണ്ടു പോകുന്നത്. സംഭവം നടന്നത് ഗ്രീഷ്മയുടെ വീടായ പുളുകലിലാണ്. ഷാരോണിനെ പ്രലോഭിപ്പിച്ച് പുളുകലിലെ സ്വന്തം വീട്ടിലേക്ക് ഗ്രീഷ്മ വിളിച്ചു വരുത്തുകയിരുന്നു. കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് പോലീസ് പറയുന്ന കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പുളുകലിലെ വീട് തമിഴ്‌നാടിന്റെ പരിധിയിലായതിനാല്‍ ഈ കേസ് തമിഴ്‌നാട്ടിലെ കോടതിയിലാണ് നടത്തേണ്ടതെന്നും കേരളത്തില്‍ കേസ് നടത്താന്‍ നിയമപരമായ അവകാശമില്ലെന്നുമാണ് ഗ്രീഷ്മയുടെ പ്രധാന വാദം. ഈ അവശ്യമുന്നയിച്ച് ഗ്രീഷ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ആവശ്യം തിരുവനന്തപുരത്തെ വിചാരണ കോടതിയില്‍ ഉന്നയിക്കാനാണ് പറഞ്ഞിരിക്കുന്നത്. കേസ് തമിഴ്‌നാട്ടിലെ കോടതിയിലേക്ക് മാറ്റിക്കിട്ടാന്‍ സുപ്രീം കോടതി വരെ കയറിയിറങ്ങാന്‍ ഗ്രീഷ്മ തയ്യാറാകും. കാരണം, കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റിയാല്‍ കേസില്‍ നിന്ന് കൂളായി ഊരിപ്പോരാന്‍ കഴിയുമെന്ന വിശ്വാസം ഗ്രീഷ്മയ്ക്കും കുടുംബത്തിനുമുണ്ട്. കേസ് തെളിയിക്കാന്‍ കേരള പോലീസിനും ഇവിടത്തെ നിയമ സംവിധാനങ്ങള്‍ക്കുമുള്ള ആവേശവും കേസിനെക്കുറിച്ചുള്ള കൂടുതല്‍ അറിവും തമിഴ്‌നാട്ടിലെ നിയമ സംവിധാനങ്ങള്‍ക്കുണ്ടാകില്ല. കേസ് പൂര്‍ണ്ണമായും അന്വേഷിച്ചത് കേരള പോലീസാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് കോടതി കേസ് പരിഗണിച്ചാല്‍ കൃത്യമായ തെളിവുകള്‍ നിരത്തുന്നതിനടക്കം ഒരുപാട് പരമിതികളുണ്ട്. ഇതെല്ലാം നന്നായി അറിയാവുന്നതുകൊണ്ടാണ് കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ എന്ത് കളിയക്കും ഗ്രീഷ്മ തയ്യാറാകുന്നത്. വിചാരണ തമിഴ് നാട്ടിലെ കോടതിയിലാണ് നടക്കുന്നതെങ്കില്‍ കേസ് താന്‍ തെളിക്കുന്ന വഴിയ്ക്ക് വരുമെന്ന് അവര്‍ കരുതുന്നു. അത് ഏറെക്കൂറെ ശരിയുമാണ്.
ഷാരോണിന്റെ മാതാപിതാക്കള്‍
ഷാരോണിന്റെ മരണമൊഴി
ഷാരോണിന്റെ മരണമൊഴിയാണ് ഗ്രീഷ്മയുടെ രണ്ടാമത്തെ ആയുധം. വിഷം കലര്‍ത്തിയ കഷായവും ജ്യൂസും നല്‍കിയ കാര്യം ഷാരോണിന്റെ മരണമൊഴിയില്ലില്ല. തന്നെ ഗ്രീഷ്മ ചതിക്കില്ലെന്ന വിശ്വാസം കൊണ്ടാകാം ഇക്കാര്യം ഷാരോണ്‍ പറയാതിരുന്നത്. അവിടെയാണ് ഗ്രീഷ്മയുടെ തുറുപ്പ് ചീട്ട്. ഷാരോണിന്റെ മരണമൊഴിയില്‍ പോലും ഇല്ലാത്ത കാര്യം പറഞ്ഞ് പോലീസ് കേസ് കെട്ടിച്ചമയ്ക്കുകയാണുണ്ടായതെന്നാണ് ഗ്രീഷ്മയുടെ വാദം. ഇത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കേസിന് നിലനില്‍പ്പ് തന്നെയുണ്ടാകില്ല. ഷാരോണിനെ കൊല്ലാന്‍ നടത്തിയ അതേ ആസൂത്രണം കേസ് മുന്നോട്ട് കൊണ്ടു പോകുന്നതിലും ഗ്രീഷ്മ നടത്തുന്നുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതോടെ ഇതിന് ഇനി കൂടുതല്‍ സൗകര്യം കിട്ടും. ഇതിന് മുന്‍പ് ക്രമിനല്‍ കേസുകളില്‍ പെട്ടിട്ടില്ലെന്നതാണ് ഗ്രീഷ്മയക്ക് ജാമ്യം അനുവദിക്കാനുള്ള കാരണങ്ങളിലൊന്നായി ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ തഴക്കവും പഴക്കവും ചെന്ന കൊടും ക്രിമിനലുകളെ പോലും വെല്ലുന്ന ആസൂത്രണ ബുദ്ധിയാണ് കൊലപാതകത്തിലെന്ന പോലെ കേസിന്റെ നടത്തിപ്പിലും ഗ്രീഷ്മ പ്രകടിപ്പിക്കുന്നത്. നിയമ സംവിധാനങ്ങളെപ്പോലും നോക്കുകുത്തിയാക്കി രക്ഷപ്പെടാനുള്ള വലിയ സാധ്യതയാണ് ഈ കേസില്‍ തെളിഞ്ഞു വരുന്നത്. ആതേ ആശങ്ക തന്നെയാണ് ഷാരോണിന്റെ കുടുംബവും പങ്കുവെയ്ക്കുന്നത്.