- എജ്ബാസ്റ്റണിൽ ഇന്ത്യ കളിച്ചത് ആറ് ടെസ്റ്റ്, അഞ്ച് തോൽവി, ഒരു ഡ്രോ
മിംഗ്ഹാം - ഇംഗ്ലണ്ടിലെ കഴിഞ്ഞ പരമ്പരയിലെ മോശം പ്രകടനത്തിന്റെ കണക്കു തീർക്കാൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ ക്രിക്കറ്റ് ടീമും ഇന്ന് പാഡണിയുന്നു. അടുത്ത ആറാഴ്ചക്കിടയിൽ അഞ്ച് ടെസ്റ്റാണ് ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുക. ഇംഗ്ലണ്ടിന് ഇത് അവരുടെ ചരിത്രത്തിലെ ആയിരാമത്തെ ടെസ്റ്റാണ്. ആദ്യ ടെസ്റ്റ് നടക്കുന്ന എജ്ബാസ്റ്റൺ പ്രത്യേകിച്ചും അവരുടെ കോട്ടയാണ്. ഇവിടെ കളിച്ച 50 ടെസ്റ്റിൽ ഇരുപത്തേഴും അവർ ജയിച്ചു. അതിൽ ഇന്ത്യയെ ആറ് തവണയാണ് നേരിട്ടത്. അഞ്ചും ഇംഗ്ലണ്ട് ജയിച്ചു. 1986 ൽ ഇന്ത്യ സമനിലയുമായി രക്ഷപ്പെട്ടു. അവസാനമായി ഇംഗ്ലണ്ടിൽ നടത്തിയ പര്യടനങ്ങളിൽ മഹേന്ദ്ര ധോണിയുടെ ടീം 2011 ൽ 0-4 നും 2014 ൽ 1-3 നും കീഴടങ്ങി. ഇംഗ്ലണ്ടിൽ മൂന്നു തവണയേ പരമ്പര ജയിക്കാൻ ഇന്ത്യക്കായിട്ടുള്ളൂ, 2007 ലാണ് അവസാനത്തേത്.
ഇംഗ്ലണ്ടിൽ 57 ടെസ്റ്റ് കളിച്ചതിൽ ആറ് ജയം മാത്രമാണ് ഇന്ത്യക്കു ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന നാല് ടെസ്റ്റ് ജയങ്ങളും ഇന്ത്യൻ മണ്ണിലാണ്. എന്നാൽ ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന രണ്ടു ടെസ്റ്റിൽ ആതിഥേയരെ വിറപ്പിച്ചത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.
ആറ് ഇന്നിംഗ്‌സിലും എതിരാളികളുടെ 10 വിക്കറ്റും വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചത് വലിയ നേട്ടമായിരുന്നു.ഒരു മാസത്തോളമായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലുണ്ട്. ആറ് നിശ്ചിത ഓവർ മത്സരങ്ങളും ഒരു സന്നാഹ മത്സരവും കളിച്ചു. എന്നിട്ടും ടീമിനെക്കുറിച്ച് ധാരണയായിട്ടില്ല.
ഓപണിംഗിന് ആര്?
ശിഖർ ധവാനും മുരളി വിജയ്‌യുമാണ് ഇന്ത്യയുടെ ഒന്നാം പരിഗണന. അവസാനമായി ഓപൺ ചെയ്തപ്പോൾ രണ്ടു പേരും മനോഹരമായ സെഞ്ചുറികൾ നേടി. എന്നാൽ സമീപകാല ഫോം പരിഗണിക്കുമ്പോൾ കെ.എൽ രാഹുൽ വലിയ അവകാശവാദമാണ് ഉന്നയിക്കുന്നത്.
സന്നാഹ മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും ശിഖർ പൂജ്യത്തിന് പുറത്തായിരുന്നു. രാഹുൽ 58, 36 നോട്ടൗട്ട് എന്നിങ്ങനെ സ്‌കോർ ചെയ്തു.
പൂജാരയെ എന്തു ചെയ്യണം?
ചേതേശ്വർ പൂജാര ഇന്ത്യൻ ബാറ്റിംഗിലെ നിർണായക കണ്ണിയാണെന്നതിൽ സംശയമില്ല. എന്നാൽ ഏഷ്യക്കു പുറത്ത് പൂജാരയുടെ ബാറ്റിംഗ് അത്ര ഭദ്രമല്ല. പൂജാരയുടെ 4531 റൺസിൽ 21 ശതമാനം മാത്രമാണ് ഏഷ്യക്ക് പുറത്ത് സ്‌കോർ ചെയ്തത്. ഏഷ്യയിൽ 65 ശതമാനമാണ് പൂജാരയുടെ ബാറ്റിംഗ് ശരാശരി, പുറത്ത് വെറും 27.3 ഉം. 14 സെഞ്ചുറികളിൽ പതിമൂന്നും പിറന്നത് ഏഷ്യയിലാണ്. അവസാന 30 ഇന്നിംഗ്‌സിൽ ഏഷ്യക്കു പുറത്ത് ഒരു സെഞ്ചുറി പോലുമില്ല. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ച് കളിയിൽ സ്‌കോർ ചെയ്തത് 222 റൺസ് മാത്രം. കൗണ്ടി ക്രിക്കറ്റിലോ സന്നാഹ മത്സരത്തിലോ വലിയ സ്‌കോർ നേടാൻ പൂജാരക്ക് സാധിച്ചിട്ടില്ല.
ദിനേശോ റിഷഭോ?
2007 ൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ടീമിലെ അവശേഷിക്കുന്ന ഏക കണ്ണിയാണ് ദിനേശ് കാർത്തിക്. ആഭ്യന്തര ക്രിക്കറ്റിലെയും നിശ്ചിത ഓവർ ക്രിക്കറ്റിലെയും മിന്നുന്ന പ്രകടനത്തിലൂടെയാണ് ദിനേശ് ടീമിൽ സ്ഥാനം തിരിച്ചുപിടിച്ചത്. എന്നാൽ ദിനേശിന് 33 വയസ്സായി. ഇരുപതുകാരൻ റിഷഭ് പന്ത് സന്നാഹ മത്സരങ്ങളിൽ മികച്ച ബാറ്റിംഗാണ് കാഴ്ചവെച്ചത്. ഭൂതമോ ഭാവിയോ, ഏതു വേണമെന്നത് ടീമിനെ ഉലയ്ക്കും. എന്നാൽ ഇംഗ്ലണ്ടിൽ കളിച്ച ആറ് ഇന്നിംഗ്‌സിൽ മൂന്ന് അർധ ശതകം നേടിയിട്ടുണ്ടെന്നത് ദിനേശിന് അനുകൂലമാവും.
പെയ്‌സോ സ്പിന്നോ?
കഴിഞ്ഞ ദിവസങ്ങളിൽ ബേമിംഗ്ഹാമിൽ നിരന്തരം മഴ പെയ്യുകയാണ്. അതിനാൽ പെയ്‌സാക്രമണത്തിന് പ്രാധാന്യം നൽകാൻ ഇന്ത്യ നിർബന്ധിതമാവും. ഭുവനേശ്വർകുമാറും ജസ്പ്രീത് ബുംറയും ആദ്യ മൂന്ന് ടെസ്റ്റിനുണ്ടാവില്ല. ഇശാന്ത് ശർമക്കും ഉമേഷ് യാദവിനുമാണ് പ്രഥമ പരിഗണന. മൂന്നാം പെയ്‌സ്ബൗളർ വേണമെങ്കിൽ മുഹമ്മദ് ഷാമിക്ക് ഇടം കിട്ടും. ഈ വേദിയിൽ വിദേശ സ്പിന്നർമാർ കരുത്തു കാട്ടാറുണ്ട്. അതിനാൽ ആർ. അശ്വിൻ-രവീന്ദ്ര ജദേജ കൂട്ടുകെട്ട് ഒരുമിച്ചിറങ്ങിയേക്കും. എന്നാൽ കുൽദീപ് യാദവ് നിശ്ചിത ഓവർ ക്രിക്കറ്റിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.