കാബൂള്‍- 2023-24 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ പാദത്തില്‍ ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടനം നടത്തിയ കറന്‍സിയായി അഫ്ഗാനിസ്ഥാന്റെ അഫ്ഗാനി. ലോകത്തില്‍ ഏറെ മുന്നിലുള്ള ഡോളറിനെ വരെ മറികടന്നാണ് അഫ്ഗാനിയുടെ ഈ നേട്ടം. ഒന്‍പത് ശതമാനം വളര്‍ച്ച അഫ്ഗാനി നേടിയെന്ന് ബ്‌ളൂംബെര്‍ഗ് ഡേറ്റ അനാലിസിസ് വ്യക്തമാക്കുന്നു.
ലോകമാകെ നിന്നും സഹായമായ കോടിക്കണക്കിന് ഡോളറുകളും ഒപ്പം പാകിസ്ഥാനിലെ കറന്‍സിയും ഡോളറും പ്രാദേശിക വ്യാപാരത്തില്‍ ഉപയോഗിക്കുന്നത് താലിബാന്‍ ഭരണകൂടം നിരോധിക്കുകയും അഫ്ഗാനി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത നടപടിയുമാണ് കാരണമായത്. താലിബാന് ഭരണം പിടിക്കാന്‍ സഹായിച്ച പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് അഫ്ഗാനി നിര്‍ബന്ധമാക്കിയതിലൂടെ താലിബാന്‍ നല്‍കിയത്. അഫ്ഗാനി ഉപയോഗിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും അറിയിച്ചു.
ഓണ്‍ലൈന്‍ വഴി കറന്‍സി വ്യാപാരത്തിനും കടുത്ത ശിക്ഷയാണ് പ്രഖ്യാപിച്ചത്. നിലവില്‍ കൊളംബിയയുടെ പെസോ, ശ്രീലങ്കയുടെ കറന്‍സി എന്നിവയ്ക്ക് പിന്നിലായി 2023ല്‍ മികച്ച പ്രകടനം നടത്തുന്ന മൂന്നാമത് കറന്‍സിയാണ് അഫ്ഗാനി. ദാരിദ്ര്യത്താല്‍ വിഷമിക്കുന്ന അഫ്ഗാനിസ്ഥാന് 3.3 ബില്യണ്‍ ഡോളറിന്റെ സഹായം ആവശ്യമായിരിക്കെ 1.1 ബില്യണാണ് ഐക്യരാഷ്ട്രസഭ ഈയിടെ അനുവദിച്ചത്. ഇത് കറന്‍സി മികവിന് ഇടയാക്കി. കഴിഞ്ഞവര്‍ഷം അഫ്ഗാന് ലഭിച്ചത് നാല് ബില്യണ്‍ ഡോളറിന്റെ യു എന്‍ സഹായമായിരുന്നു.