ന്യൂദല്‍ഹി- ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയില്‍ തുടക്കം കുറിക്കുക ക്രിക്കറ്റ് ലോകകപ്പിനായിരിക്കില്ല, വേള്‍ഡ് ടെറര്‍ കപ്പിനായിരിക്കുമെന്ന് ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു. ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആക്രമണം നടത്തുമെന്നാണ് പന്നു വെളിപ്പെടുത്തിയിരിക്കുന്നതെന്ന സംശയത്തിലാണ് രഹസ്യാന്വേഷണ വിഭാഗം. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായി സ്റ്റേഡിയം ആക്രമിക്കാനാണ് പദ്ധതി.
യു. കെ നമ്പറില്‍ നിന്നുള്ള ഫോണ്‍ കോളായാണ് പന്നുവിന്റെ സന്ദേശം ഇന്ത്യയില്‍ നിരവധി പേര്‍ക്കു ലഭിച്ചത്. ഇതിന്റെ റെക്കോഡ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പന്നുവിന്റെ റെക്കോഡ് ചെയ്ത ശബ്ദമാണ് ഫോണില്‍ കേട്ടതെന്ന് കോള്‍ ലഭിച്ചവര്‍ പറയുന്നു.
ലോകകപ്പിനു മാത്രമല്ല, കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ പന്നു ഈ സന്ദേശത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്.
കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് ശര്‍മയെയാണ് ഖലിസ്ഥാനികളുടെ മുഖ്യശത്രുവായി സന്ദേശത്തില്‍ അവതരിപ്പിക്കുന്നത്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ മുഴുവന്‍ തിരിച്ചുവിളിച്ച് എംബസി അടച്ചിടുന്നതായിരിക്കും നല്ലതെന്ന മുന്നറിയിപ്പും ഇയാള്‍ നല്‍കുന്നു.