തിരുവനന്തപുരം - കരുവന്നൂർ ബാങ്ക് തട്ടിപ്പടക്കമുള്ള സഹകരണ ബാങ്കുകളിലെ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 'ന്യായീകരണ ക്യാപ്‌സ്യൂളിന്' മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. 'ഒരു കറുത്ത വറ്റ് കിട്ടിയെന്ന് കരുതി ചോറ് മുഴുവൻ മോശമാകുമോ? അതുകളഞ്ഞ് ബാക്കി ചോറ് കഴിക്കണം' എന്ന നിലയിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കലം മുഴുവൻ കറുത്ത വറ്റാണെന്ന് സുരേന്ദ്രൻ തുറന്നടിച്ചത്.
സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയതിന്റെ കാരണഭൂതൻ പിണറായി വിജയനാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കലം മുഴുവൻ കറുത്ത വറ്റാണ് കാണുന്നത്. ഈ മഹാപ്രസ്ഥാനത്തെ, അതായത് സഹകരണ പ്രസ്ഥാനത്തെ പിണറായിയാണ് ഈ നിലയിലാക്കിയത്. നോട്ടുനിരോധന കാലത്ത് രാജ്ഭവനിലേക്ക് താങ്കൾ നടത്തിയ മാർച്ചുണ്ടല്ലോ? അത് ചരിത്രത്തിന്റെ ഭാഗമാണ്. കെ.വൈ.സി വേണമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ താങ്കൾ അതിനെ എതിർത്തു. ഇപ്പോൾ പൊതു സോഫ്റ്റ്‌വെയർ വേണമെന്നതിനേയും താങ്കൾ എതിർക്കുന്നു. കള്ളപ്പണക്കാർക്കുവേണ്ടിയാണ് താങ്കൾ എപ്പോഴും പോരാടുന്നത്. ഇ.ഡിയുടെ നോട്ടപ്പുള്ളിയായ അരവിന്ദാക്ഷനോടൊപ്പമല്ല, എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരോടൊപ്പം നിൽക്കുമെന്നാണ് താങ്കളും പാർട്ടിയും പറയേണ്ടിയിരുന്നത്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചത് അദാനിയും അംബാനിയും കോർപ്പറേറ്റ് ഭീമന്മാരുമല്ല. പാവപ്പെട്ട കർഷകരും പെൻഷൻകാരും പിന്നെ നിത്യക്കൂലിക്കാരുമായിരുന്നെന്ന് താങ്കൾ ഓർക്കണമായിരുന്നു. ഇന്നിപ്പോൾ കേരളമാകെ സഹകരണബാങ്കുകളിലെ നിക്ഷേപകർ പണം പിൻവലിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിന് ഇ.ഡിയോ ബി.ജെ.പിയോ കാരണക്കാരല്ല. ഇതിനെല്ലാം കാരണഭൂതൻ പിണറായി തന്നെയെന്ന് കാലം വിധിയെഴുതുകയാണ് കേരളത്തിലെന്നും സുരേന്ദ്രൻ വിമർശിച്ചു.