കൊടുങ്ങല്ലൂരില്‍ ഹണി ട്രാപ്പൊരുക്കി യുവ എന്‍ജിനീയറെ മര്‍ദിച്ചു പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി നസീമയ്‌ക്കെതിരേ കൊലക്കുറ്റവും. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു രഞ്ജു കൃഷ്ണനെന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം പോലീസാണു നസീമയെ പ്രതിചേര്‍ത്തത്.
നസീമയും മകളും തിരുവനന്തപുരത്തു താമസിക്കുന്ന സമയത്തായിരുന്നു കൊല. രഞ്ജുവുമായി നസീമയ്ക്ക് നല്ല ബന്ധമായിരുന്നു. രഞ്ജു മകളെ നോട്ടമിട്ടതോടെയാണു ബന്ധം പിരിഞ്ഞത്. നസീമ ആവശ്യപ്പെട്ട പ്രകാരം ക്വട്ടേഷന്‍ സംഘം രഞ്ജുവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മൃതദേഹം വിരാജ്‌പേട്ടയില്‍ നിന്നാണ് കണ്ടെടുത്തത്. 2017 ഏപ്രില്‍ അവസാനമായിരുന്നു സംഭവം.
ജൂലൈ 22നാണ് നസീമയും മൂന്നാമത്തെ ഭര്‍ത്താവായ അക്ബര്‍ഷായും യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടിയ കേസില്‍ അറസ്റ്റിലായത്. നസീമ ഫഌറ്റിലേക്ക് എന്‍ജിനീയറെ വിളിച്ചു വരുത്തിയ ശേഷം ജ്യൂസ് നല്‍കുകയായിരുന്നു. അതിനിടെ സദാചാര പോലീസ് ചമഞ്ഞെത്തിയ ചിലര്‍ ആക്രോശിച്ചു. രക്ഷപ്പെടാന്‍ ചോദിക്കുന്ന പണം നല്‍കാന്‍ നസീമയും സുഹൃത്തും എന്‍ജിനീയറെ നിര്‍ബന്ധിച്ചിരുന്നു.ഇയാള്‍ പിന്നീട് പോലീസില്‍ നല്‍കിയ പരാതിയാണു വഴിത്തിരിവായത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കല്‍ നാടകം വ്യക്തമായത്. ഇവരുടെ സുഹൃത്ത് ഷെമീനയും തട്ടിപ്പു സംഘാംഗമാണെന്നു പോലീസ് പറഞ്ഞു. തൃശൂര്‍ അരണാട്ടുകരയിലെ ഫഌറ്റിലായിരുന്നു ഷെമീന താമസിച്ചിരുന്നത്. തൃശൂര്‍ സ്വദേശികളായ ശ്യാംബാബു, അനീഷ്, സംഗീത് എന്നിവരാണ് സദാചാര പോലീസായി അഭിനയിച്ചത്.നസീമയെ വിട്ടുകിട്ടാന്‍ തിരുവനന്തപുരം പോലീസ് കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റിനു ഹര്‍ജി നല്‍കി.