തിരുവനന്തപുരം - സംസ്ഥാനത്തെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും മന്ത്രിസഭ മുഴുവനായി എത്തുന്ന പരിപാടിയുടെ പേര് മാറ്റി. നേരത്തെ നിശ്ചിയിച്ച മണ്ഡല സദസ്സ് എന്നത് നവകേരള സദസ്സ് എന്നാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് ഈ പര്യടനം നടക്കുക. മഞ്ചേശ്വരത്തായിരിക്കും തുടക്കം. ഓരോ മണ്ഡലത്തിലും എം.എൽ.എമാരാണ് പര്യടനത്തിന് നേതൃത്വം നല്കുക. 2025 നവംബർ ഒന്നിന് മുമ്പ് സംസ്ഥാനത്തെ പൂർണ്ണമായി അതിദാരിദ്ര്യ മുക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓരോ ജില്ലയിലെയും വികസന പ്രശ്‌നങ്ങൾ പ്രത്യേകം പരിശോധിക്കും. 14 ജില്ലയിലേയും മേഖലാ യോഗങ്ങൾക്കായി കണ്ടെത്തിയ 265 വിഷയങ്ങളുണ്ട്. അതിൽ 241 എണ്ണം ജില്ലാ തലത്തിൽ തന്നെ പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനതലത്തിൽ പരിഹരിക്കേണ്ടതായി 703 വിഷയങ്ങളുണ്ട്. മാലിന്യ നിർമാർജനത്തിൽ അവബോധം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ലൈഫ് ഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കൂടുതൽ നടപടി സ്വീകരിക്കും.
സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നാല് മേഖലാ യോഗങ്ങൾ നടത്തുന്നത്. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ജില്ലയിലെ കലക്ടർമാരും വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുക്കും. 29ന് തൃശൂരും ഒക്ടോബർ മൂന്നിന് കൊച്ചിയിലും ഒക്ടോബർ അഞ്ചിന് കോഴിക്കോട്ടുമാണ് യോഗങ്ങൾ നടക്കുകയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.