വയസ്സ് 19 മാത്രം, നൃത്ത പരിശീലനത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

അഹമ്മദാബാദ്- ഗുജറാത്തില്‍ 19 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജാംനഗര്‍ സ്വദേശിയായ മെഹുല്‍ഭായ് കുന്‍വാരിയ ആണ് മരിച്ചത്.

കോളേജ് വിദ്യാര്‍ഥിയാണ് മെഹുല്‍. നൃത്ത പ്രേമിയായ മെഹുല്‍ നവരാത്രി ആഘോഷത്തിന് കളിക്കുന്നതിനായി നാടോടി നൃത്തമായ ഗാര്‍ബ പരിശീലിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞു വീണു. ഉടനെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലാണ് ഹൃദയാഘാതമാണെന്ന് വ്യക്തമായത്.

വിദ്യാര്‍ഥിക്ക് മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. 19 വയസ്സ് മാത്രം പ്രായമുള്ള കുട്ടി മരിച്ചത് ഡോക്ടര്‍മാരെയും ഞെട്ടിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസം ആദ്യം ട്രെഡ് മില്ലില്‍ ഓടുന്നതിനിടെ മറ്റൊരു യുവാവും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

 

Latest News