Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കെതിരായ കാനഡയുടെ ആരോപണങ്ങള്‍ പരിഗണിക്കപ്പെടണം: യു. എസ്

വാഷിംഗ്ടണ്‍- ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങള്‍ പരിഗണിക്കപ്പെടേണ്ടതെന്ന് അമേരിക്ക. അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന നിലപാട് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിച്ചു. 

സമഗ്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
കാനഡ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണങ്ങള്‍ തങ്ങള്‍ ശ്രദ്ധിച്ചതായും അതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പറഞ്ഞ മാത്യു മില്ലര്‍ പൂര്‍ണ്ണവും നീതിയുക്തവുമായ അന്വേഷണം നടക്കണമെന്ന് തങ്ങള്‍ കരുതുന്ന തരത്തിലുള്ള ആരോപണങ്ങളാണ് അവയെന്നും വിശദമാക്കി. അന്വേഷണം നടത്താന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു.
അന്വേഷണത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കുമെന്ന് വിശ്വസിക്കുന്നതായും നിയമപാലന കാര്യങ്ങളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- കാനഡ ബന്ധത്തെക്കുറിച്ചും യു. എസ്- ഇന്ത്യ ബന്ധത്തില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചുമുള്ള  ചോദ്യത്തിന് ഇന്ത്യ യു. എസിന്റെ പ്രധാന പങ്കാളിയായി തുടരുന്നുവെന്ന് മില്ലര്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ കനേഡിയന്‍ അന്വേഷണവുമായി സഹകരിക്കാന്‍ വാഷിംഗ്ടണ്‍ ന്യൂദല്‍ഹിയോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കനേഡിയന്‍ ആരോപണങ്ങളില്‍ വാഷിംഗ്ടണ്‍ ഉത്കണ്ഠാകുലരാണെന്ന് അടുത്തിടെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു. യു എസ് ഉത്തരവാദിത്വം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അന്വേഷണം അതിന്റെ ഗതിയില്‍ നടക്കുന്നതും ഫലത്തിലേക്ക് നയിക്കുന്നതും 'പ്രധാനമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News