കോഴിക്കോട് - താൻ ബി.ജെ.പിയുടെ കേരളത്തിലെ താൽക്കാലിക പ്രസിഡന്റല്ലെന്നും പാർലമെന്റ്, തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് മൂന്നു വർഷത്തേക്കാണ് അഖിലേന്ത്യാ നേതൃത്വം തന്നെ നിയോഗിച്ചതെന്നും, ചിലർ പ്രചരിപ്പിക്കുന്ന മറ്റു റിപ്പോർട്ടുകൾ നുണയാണെന്നും പി.എസ്.ശ്രീധരൻപിള്ള. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം കോഴിക്കോട് പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ നേതൃത്വം മുന്നോട്ടു വെച്ച ലക്ഷ്യം നേടാനാണ് തെരഞ്ഞെടുത്തതെന്നും പ്രഖ്യാപിത ടാർഗറ്റിൽ എത്താൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് ഒന്നേകാൽ ലക്ഷം മുതൽ രണ്ടു ലക്ഷം വരെ വോട്ടുകൾ ലഭിച്ച പത്തിലേറെ മണ്ഡലങ്ങൾ കേരളത്തിലുണ്ട്. ഒത്തുപിടിച്ചാൽ ഇവയിൽ പലതും പാർട്ടിക്ക് സ്വന്തമാക്കാൻ കഴിയും. കേരളത്തിലെ രണ്ടു മുന്നണികളുടെയും ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ കേഡർ ശക്തിയും പ്രവർത്തന രീതിയും ഉപയോഗിക്കാതെ സാമുദായിക-സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചും വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നൽകിയുമാണ് ചെങ്ങന്നൂരിൽ പ്രചാരണം നടത്തിയത്. ഒരു ശരിയായ ബദൽ ആഗ്രഹിക്കുന്ന കേരളം ബി.ജെ.പിക്കായി പാകപ്പെട്ടിരിക്കുന്നു. കോൺഗ്രസിൽ ഉൾപ്പെടെ നിരവധി പേർ അസംതൃപ്തരായി കഴിയുകയാണ്. പ്രാദേശിക കക്ഷികൾ രൂപീകരിച്ച് പ്രമുഖരുൾപ്പെടെ എൻ.ഡി.എയുടെ ഭാഗമായാൽ അത്ഭുതപ്പെടേണ്ടതില്ല. അസാധ്യം എന്നൊരു വാക്ക് എന്റെയും പാർട്ടിയുടെയും ഡിക്ഷ്ണറിയിലില്ല. തന്ത്രാധിഷ്ഠിതവും തത്വാധിഷ്ഠിതവുമായ നിലപാട് സ്വീകരിച്ച് പാർട്ടി ലക്ഷ്യം കൈവരിക്കും.
ഹിന്ദുത്വമാണ് പാർട്ടിയുടെയും രാഷ്ട്രത്തിന്റെയും ആത്മാവ്. ന്യൂനപക്ഷ വിരുദ്ധമാണ് പാർട്ടിയെന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയെയും കോൺഗ്രസിനെയും ആക്ഷേപിച്ചതു പോലെയാണത്. ഹിന്ദുത്വവും മതേതരത്വവും ഇരു ധ്രുവങ്ങളല്ല. ഹിന്ദുത്വം ജീവിത രീതിയാണെന്നും മത സംഹിതയല്ലെന്നും 1995ൽ രാജ്യത്തെ പരമോന്നത കോടതി വിധിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രമായി മാറുകയെന്നത് ഇന്ത്യയുടെ മഹിതമായ പാരമ്പര്യത്തിനെതിരാണ്. അങ്ങനെ വന്നാൽ പിന്നെ ഭാരതമില്ലെന്നും ചോദ്യത്തിനു മറുപടിയായി ശ്രീധരൻപിള്ള പറഞ്ഞു.
രാഷ്ട്രീയത്തിൽ അസ്പൃശ്യത കുറ്റകരമാണെന്ന തത്വത്തിൽ വിശ്വസിക്കുന്നു. എല്ലാവരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി സ്വീകരിച്ച നിലപാടിൽ അവരെ കുറ്റം പറയാൻ കഴിയില്ല. വെളളാപ്പള്ളി ഉന്നയിച്ചത് ന്യായമായ ആവശ്യമായിരുന്നു. പി.മുകുന്ദൻ, രാമൻ പിള്ള തുടങ്ങിയവരുടെ ഉപദേശ നിർദേശങ്ങൾ തേടും. ഏതു പ്രവർത്തകനും പാർട്ടിയുടെ ഏതു പദവിയിൽ വരാനും അവകാശമുണ്ട്. പാർട്ടിയിൽ ശത്രുക്കളുണ്ടെന്നത് ആരോപണം മാത്രമാണ്. പാർട്ടിയിൽ തമ്മിലടിയുള്ളതായി അറിയില്ല. ഭരണഘടനക്കപ്പുറം സി.പി.എം ഭരണഘടനയനുസരിച്ചാണ് കേരളത്തിൽ ഭരണം നടക്കുന്നത്. ഇരു മുന്നണികളുടെയും ഭരണത്തിൽ സാമ്പത്തിക രംഗത്തുൾപ്പെടെ തകർന്നടിഞ്ഞ കേരളത്തിൽ ബി.ജെ.പിക്ക് വലിയ സാധ്യതകളുണ്ട്.
ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തിൽ നിയമം അതിന്റെ വഴി സ്വീകരിച്ചു മുന്നോട്ടു പോകണം. എന്നാൽ ക്രൂരവും കുറ്റകരവുമായ മൗനമാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് പറയാറായിട്ടില്ലെന്നും വിഷയത്തിൽ സുകുമാരൻ നായർ പറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും എല്ലാവരും പരിഗണിക്കേണ്ടതാണെന്നും ചോദ്യത്തിനു പ്രതികരണമായി പുതിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
പ്രസ്‌ക്ലബ് സെക്രട്ടറി പി.വിപുൽ നാഥ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പ്രേംനാഥ് അധ്യക്ഷനായിരുന്നു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ടി.എച്ച്.വത്സരാജും സന്നിഹിതനായിരുന്നു.