Sorry, you need to enable JavaScript to visit this website.

ആർ എസ് എസിന്റെ പിൻസീറ്റ് ഡ്രൈവിംഗ്

മുസ്‌ലിം വിരുദ്ധതയിലൂന്നി, ആദിവാസികളെയും ദളിതരെയുമെല്ലാം ഉൾപ്പെടുത്തി ഹൈന്ദവ വോട്ടുകൾ ഏകീകരിച്ച് എന്നും അധികാരത്തിൽ തുടരാനും അതിന്റെ തുടർച്ചയായി ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുമാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം സംഘപരിവാറിനെ മൊത്തം നിയന്ത്രിക്കുന്ന ആർ എസ് എസ് പൂർണമായും സവർണ്ണ ഫാസിസ്റ്റ് സംഘടനയായി തുടരുന്നു. ആർ എസ് എസിന്റെ ബാക്ക് സീറ്റ് ഡ്രൈവിംഗ് തന്നെയാണ് നടക്കുന്നത്. 

 

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടന ഭേദഗതി ബിൽ പാർലിമെന്റിൽ പാസായത് ഇന്ത്യൻ ചരിത്രത്തിലെ വളരെ സുപ്രധാന നിമിഷമാണ്. അതേസമയം ഈ ബില്ലിലെ പരിമിതികളും ബി ജെ പിയുടെയും കേന്ദ്ര സർക്കാരിന്റെയും തന്ത്രങ്ങളും തിരിച്ചറിയേണ്ടതാണ്. ഒപ്പം ഏതു സാഹചര്യത്തെയും തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള സംഘ്പരിവാറിന്റെ രാഷ്ട്രീയ മിടുക്കും മറ്റു പ്രസ്ഥാനങ്ങൾ കണ്ടു പഠിക്കേണ്ടതാണ്.

എല്ലാവർക്കുമറിയാവുന്ന പോലെ 2016 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പ്രകടന പത്രികയിൽ തന്നെ വനിതസംവരണം നടപ്പാക്കുമെന്ന് ബി ജെപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ മന്ത്രിസഭയും പോയി, അടുത്ത മന്ത്രിസഭയുടെ കാലാവധിയും കഴിയാറായി. അപ്പോഴാണ് പ്രത്യേക പാർലമെന്റ് സമ്മേളനം കൂടി അതിവേഗത്തിൽ ബിൽ പാസാക്കിയത്. ഒരിക്കലും അടുത്ത തെരഞ്ഞെടുപ്പിൽ  സംവരണം നടപ്പാക്കപ്പെടില്ല എന്ന് എല്ലാവർക്കുമറിയാം. 
വനിത സംവരണം നടപ്പാക്കുന്നതിൽ ഒരു പാർട്ടിക്കും കാര്യമായ താൽപര്യമില്ല എന്നതാണത്. താൽപര്യമുണ്ടെങ്കിൽ പാർട്ടി കമ്മിറ്റികളിലും നേതൃത്വങ്ങളിലും മറ്റും അവരെ കൊണ്ടുവരുമല്ലോ. എന്നാൽ മിക്ക പാർട്ടികളുടെയും ജില്ല നേതൃത്വങ്ങളിൽ പോലും എത്തുന്ന വനിതകൾ കുറവാണ്. അതിന്റെ തുടർച്ചയായി തന്നെയാണ് ജനപ്രതിനിധികളിലും അധികാര സ്ഥാനങ്ങളിലും അവരുടെ സാന്നിധ്യം തുഛമാകുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകനിലവാരത്തിൽ ഏറ്റവും പിൻനിരയിലാണെന്ന കണക്കുകൾ ഇപ്പോൾ കൂടുതൽ ചർച്ച ചെയ്തല്ലോ. പാക്കിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഇക്കാര്യത്തിൽ നമുക്ക് മുന്നിലാണ്.  ഇന്ത്യയിൽ ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും നാമമാത്രമായ വർധനയാണ് സ്ത്രീപങ്കാളിത്തത്തിൽ കാണുന്നത്. 
1974 ൽ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാൻ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് വനിത പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമർശം വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന് ഈ സമിതി ശുപാർശ ചെയ്തു. തുടർന്ന് 1993 ൽ  തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തു. കേരളത്തിലും മറ്റും അത് 50 ശതമാനമാണ്. പിന്നാലെ 1996 ൽ എച്ച് ഡി ദേവഗൗഡ സർക്കാരാണ് വനിത സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ സി പി ഐ എം പി ഗീത മുഖർജി അധ്യക്ഷയായുള്ള സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബർ 9 ന് പാർലമെന്ററി സമിതി റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു. 1998 ജൂൺ 4 ന് എൻ ഡി എ യുടെ നേതൃത്വത്തിലുള്ള സർക്കാർ 84 ാം ഭരണഘടന ഭേദഗതിയായി വനിത സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ആ സർക്കാർ ന്യൂനപക്ഷമാകുകയും പിരിച്ചുവിടപ്പെടുകയും ചെയ്തു. 1999 നവംബർ 22 ന് എൻ ഡി എ സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. അപ്പോൾ ഒരു വിഭാഗത്തിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി. 2002 ലും 2003 ലും ബിൽ അവതരിപ്പിച്ചു. രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. 2008 മെയ് 6 ന് യു പി എ സർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബർ 17 ന് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. സമാജ്‌വാദി പാർട്ടി, ജെ ഡി (യു), ആർ ജെ ഡി എന്നീ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നു. എന്നാൽ 2010 ഫെബ്രുവരി 25 ന് കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകി.  2010 മാർച്ച് 8 അന്തർദേശീയ വനിത ദിനത്തിൽ ബിൽ  ഒന്നിനെതിരെ 186 വോട്ടുകൾക്ക്  രാജ്യസഭ പാസാക്കി. എന്നാൽ ലോക്‌സഭയിൽ ബിൽ പാസായില്ല. 

അതേസമയം ബില്ലിനെ എതിർത്തവർ ഉന്നയിച്ച ആവശ്യം ന്യായമല്ല എന്നു പറയാനാകില്ല.  സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് അന്ന് ബില്ലിന്റെ ശക്തരായ വക്താക്കൾ മുഖം തിരിക്കുകയായിരുന്നു. അങ്ങനെ ചെയ്താൽ തെരഞ്ഞെടുക്കപ്പെടുന്നവരിൽ പട്ടിക ജാതി പട്ടികവർഗ പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. അല്ലെങ്കിൽ  പാർലമെന്റിലെത്തുന്ന സ്ത്രീകളിൽ മഹാഭൂരിപക്ഷവും സവർണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. 
തുടക്കത്തിൽ സൂചിപ്പിച്ച ബി ജെ പിയുടെ തന്ത്രങ്ങളെ കൂടി പരാമർശിക്കാതെ വയ്യ. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ഈ ബിൽ പാസായതു വഴി അവർക്കു വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം ഇപ്പോഴത് നടപ്പാക്കുകയും വേണ്ട. ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ രീതിയിലുള്ള തൈരഞ്ഞെടുപ്പ് 2029 ൽ ഉണ്ടാകുമോ എന്നാർക്കും ഉറപ്പില്ല. മാത്രമല്ല, മണ്ഡല പുനർനിർണയം യാഥാർഥ്യമായാൽ അവർക്കു സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലും ലോക്‌സഭ സീറ്റിന്റെ എണ്ണം വൻതോതിൽ വർധിക്കും. മൊത്തം  എണ്ണം 543 ൽനിന്ന് 753 ആയി ഉയരും. യു പിയിൽ നിന്നുള്ള  എം പിമാരുടെ എണ്ണം 128 ആയി ഉയരും. അതെല്ലാം വളരെ ഭംഗിയായി ഉപയോഗിക്കാൻ ബി ജെ പിക്കാകും. ബി ജെ പിയുടെ മറ്റൊരു തന്ത്രം സംവരണത്തിനുള്ളിലെ സംവരണം നടപ്പാക്കിയതു തന്നെയാണ്. എന്നേ കോൺഗ്രസിനു ചെയ്യാമായിരുന്നതായിരുന്നു അത്. 
മുസ്‌ലിം വിരുദ്ധതയിലൂന്നി, ആദിവാസികളെയും ദളിതരെയുമെല്ലാം ഉൾപ്പെടുത്തി ഹൈന്ദവ വോട്ടുകൾ ഏകീകരിച്ച് എന്നും അധികാരത്തിൽ തുടരാനും അതിന്റെ തുടർച്ചയായി ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുമാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം സംഘപരിവാറിനെ മൊത്തം നിയന്ത്രിക്കുന്ന ആർ എസ് എസ് പൂർണമായും സവർണ ഫാസിസ്റ്റ് സംഘടനയായി തുടരുന്നു. ആർ എസ് എസിന്റെ ബാക്ക് സീറ്റ് ഡ്രൈവിംഗ് തന്നെയാണ് നടക്കുന്നത്. 

Latest News