കോട്ടയം - കോട്ടയം കുടയംപടിയില്‍ കര്‍ണാടക ബാങ്ക് അധികൃതരുടെ നിരന്തര ഭീഷണിയെ തുടര്‍ന്ന് വ്യാപാരിയായ ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. ഭീഷണി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന ബിനുവിനോട് ആതമഹത്യ ചെയ്താലും കുഴപ്പമില്ലെന്ന് ബാങ്ക് മാനേജര്‍ ഫോണിലൂടെ പറയുന്നതാണ് പുറത്ത് വന്നത്. പണം അടയ്ക്കാം എന്ന് ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരന്‍ മോശമായി സംസാരിക്കുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഭീഷണി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്. ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ഇതിന് ബാങ്ക് ജീവനക്കാരന്റെ മറുപടി. ഫോണ്‍ സംഭാഷണം കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.