ഇടുക്കി- ഇടുക്കി അണക്കെട്ട് തുറക്കുന്നത് എങ്ങനേയും ഒഴിവാക്കാൻ കെ.എസ്.ഇ.ബി. ജലനിരപ്പ് ഉയരുന്നത് പരമാവധി കുറയ്ക്കാൻ മൂലമറ്റം പവർ ഹൗസ് വിശ്രമമില്ലാതെ പ്രവർത്തിപ്പിക്കുകയാണ്. മാത്രമല്ല ഇന്നലെ നീരൊഴുക്കിൽ കുറവും വന്നിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് 2395.64 അടിയാണ് ഡാമിലെ ജലനിരപ്പ്. രാവിലെ ആറ് മണിക്ക് 2395.26 അടിയായിരുന്ന ജലനിരപ്പ് 0.38 അടി മാത്രമാണ് ഉയർന്നത്.
2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കുമെന്നാണു വിവരം. റെഡ് അലർട്ടിനുശേഷം 24 മണിക്കൂർ കഴിഞ്ഞേ ചെറുതോണിയിലെ ഷട്ടറുകൾ ഉയർത്തുകയുള്ളൂ. ഇതിനിടയിൽ പെരിയാർ തീരവാസികൾ ഒഴിഞ്ഞാൽ മതിയാവും. 2013 സെപ്റ്റംബർ 22ന് 2401.7 അടി ജലനിരപ്പ് ഉയർന്നിട്ടും അണക്കെട്ട് തുറന്നിരുന്നില്ല.
മൂലമറ്റം പവർഹൗസിൽ ഇന്നലെ 1.509 കോടി യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 3.28 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 3.66 സെ.മീ. മഴ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. 130 മെഗാവാട്ട് വീതം ശേഷിയുള്ള 5 ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കുകയാണ്. മൂന്നാം നമ്പർ ജനറേറ്റർ നവീകരണത്തിലാണ്.
1981 ൽ 2402.17 അടിയിലും 1992 ൽ 2401.44 അടിയിലുമാണ് ചെറുതോണിയുടെ ഷട്ടറുകൾ ഉയർത്തിയത്. അത് ഒക്ടോബറിലായിരുന്നു എന്ന വ്യത്യാസമുണ്ട്. മുല്ലപ്പെരിയാറിൽ 135.5 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. 142 അടിയിൽ എത്തിയാലെ കവിഞ്ഞ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുകുകയുള്ളു. 649.3 സ്ക്വയർ കി.മീ വൃഷ്ടി പ്രദേശത്ത് വെള്ളം നിറഞ്ഞാലാണ് ഇടുക്കിയിൽ ജലനിരപ്പ് ഉയരുക. 2408.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. സുരക്ഷിതത്വം മുൻനിർത്തിയാണ് സംഭരണ പരിധി 2403 അടിയായി നിജപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ മുല്ലപ്പെരിയാർ നിറയാത്ത സാഹചര്യത്തിൽ ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നാണ് കെ.എസ്.ഇ.ബി നിലപാട്.
അണക്കെട്ട് തുറക്കേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്ന് ഇന്നലെ ഡാം സന്ദർശിച്ച ജലവിഭവ മന്ത്രി മാത്യു ടി. തോമസും വ്യക്തമാക്കി. ട്രയൽ റണ്ണിന്റെ സാഹചര്യം നിലവിലില്ല. ഇന്നലെ ഒരു മണിക്കൂറിൽ ശരാശരി 0.02 അടി വെള്ളമാണ് വർധിച്ചത്. കഴിഞ്ഞ 17 മണിക്കൂറിൽ 0.44 അടിയുടെ വർധന മാത്രമേ ഉണ്ടായിട്ടുള്ളൂ. ജനങ്ങൾ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. അറിയിപ്പ് നൽകിയ ശേഷമേ ട്രയൽ റൺ നടത്തുകയോ ഷട്ടറുകൾ തുറന്നുവിടുകയോ ഉള്ളൂ. ചെറുതോണി ടൗണിലെ ചെക്ക് ഡാം ഒഴുക്കിന് തടസമായാൽ ട്രയൽ റൺ നടത്തുന്ന വേളയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ചെറുതോണി ഡാം മുതൽ പനങ്കുട്ടിവരെയുള്ള പ്രദേശങ്ങളിൽ ഒഴുക്ക് തടസപ്പെടുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കും. ലോവർ പെരിയാറിലെയും ഇടമലയാറിലെയും ജലം ഭൂതത്താൻ കെട്ടിൽ എത്തിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.