Sorry, you need to enable JavaScript to visit this website.

വംശഹത്യ ഭയന്ന് പലായനത്തിന് പെട്രോള്‍ പമ്പിലെത്തി;  സ്ഫോടനത്തില്‍ 64 മരണം, 300 പേര്‍ക്ക് പരിക്ക് 

മോസ്‌കോ-അസര്‍ബൈജാന്‍ നിയന്ത്രണം ഏറ്റെടുത്ത നഗോര്‍ണോ-കറാബാഖില്‍ പെട്രോള്‍ പമ്പില്‍ നടന്ന സ്ഫോടനത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ലീക്കയതിനെ തുടര്‍ന്നാണ് പമ്പില്‍ സ്ഫോടനം നടന്നത്. അസര്‍ബൈജാന്‍ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ, വംശഹത്യ ഭയന്ന് മേഖല വിടാനായി വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. 
വിഘടനവാദികളുടെ കൈവശമായിരുന്ന പ്രദേശത്ത്, അര്‍മേനിയന്‍ സൈന്യവും അസര്‍ബൈജാന്‍ സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് മേഖല അസര്‍ബൈജാന്‍ പൂര്‍ണമായി പിടിച്ചെടുത്തത്. വിഘടനവാദികള്‍ ആയുധം വെച്ച് കീഴടങ്ങിയതിന് പിന്നാലെയാണ്, അര്‍മേനിയ സൈന്യത്തെ തുരത്തി അസര്‍ബൈജാന്‍ മേഖല പിടിച്ചെടുത്തത്. 
ഇതിന് പിന്നാലെ, ഇവിടെനിന്ന് കൂട്ട പലായനം ആരംഭിച്ചിരുന്നു. അര്‍മേനിയന്‍ വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ആരും മേഖല വിട്ടുപോകേണ്ടതില്ലെന്നും അസര്‍ബൈജാന്‍ പറയുന്നുണ്ടെങ്കിലും, ജനങ്ങള്‍ കൂട്ട പലയാലനം നടത്തുകയാണ്. ഇതിനോടകം, 6,500പേര്‍ അര്‍മേനിയയിലേക്ക് എത്തിയതായി അര്‍മേനിയന്‍ അധികൃതര്‍ അറിയിച്ചു. റഷ്യന്‍ സേനയും നഗോര്‍ണോ-കറാബാബില്‍ ഉണ്ട്. തങ്ങളുടെ സൈന്യം പലായനം ചെയ്യുന്നവരെ സഹായിക്കുന്നുണ്ടെന്ന് മോസ്‌കോ അറിയിച്ചു. 
തെക്കന്‍ കോക്കസസിലെ പര്‍വതമേഖലയായ നഗോര്‍ണോ-കറാബാഖ് - അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതുപ്രകാരം അസര്‍ബൈജാന്റെ ഭാഗമാണെങ്കിലും മൂന്ന് പതിറ്റാണ്ടായി അര്‍മേനിയന്‍ വംശജരായ സായുധ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. അര്‍മേനിയന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ അധികാരം നിലനിര്‍ത്തിയത്. 2020ല്‍ നടന്ന യുദ്ധത്തില്‍ മേഖലയുടെ ചില ഭാഗങ്ങള്‍ അസര്‍ബൈജാന്‍ പിടിച്ചെടുത്തിരുന്നു.

Latest News