ചെന്നൈ - ഗുരുതരാവസ്ഥയിൽ ചെന്നൈ കാവേരി ആശുപത്രിയിൽ കഴിയുന്ന ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. ആശുപത്രിയിലെത്തിയ രാഹുൽ കരുണാനിധിയുടെ ആരോഗ്യവിവരങ്ങൾ തിരക്കി. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി സന്ദർശനത്തിനുശേഷം രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു.
അദ്ദേഹം പോരാട്ടവീര്യമുള്ളയാളാണ്. അങ്ങനെയൊന്നും കീഴടങ്ങില്ല- രാഹുൽ പറഞ്ഞു. മുകുൾ വാസ്‌നിക്, എസ്. തിരുനാവുക്കരശ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കരുണാനിധിയുടെ രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞത് ആശങ്ക പരത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
നടൻ രജനികാന്തും ഇന്നലെ തലൈവരെ കാണാനെത്തി. നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതരുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഇതോടെ ആശുപത്രിക്ക് ചുറ്റും കൂടിയ അണികൾ ശാന്തരായിട്ടുണ്ട്. ആശുപത്രി പരിസരം ഇപ്പോഴും ഡി.എം.കെ അണികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ശനിയാഴ്ച പുലർച്ചെയാണു കരുണാനിധിയെ ഗോപാലപുരത്തെ വസതിയിൽനിന്ന് കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.