Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല,   അമേഠിയിലും ദക്ഷിണേന്ത്യയില്‍ മറ്റൊരിടത്തും 

ഹൈദരാബാദ്-വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജനവിധി തേടിയേക്കില്ല. ദക്ഷിണേന്ത്യയിലെ തന്നെ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും വിജയം ഉറപ്പായ മണ്ഡലമാണ് വയനാടെന്നും കുറച്ചുകൂടി ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലത്തിലേക്ക് രാഹുല്‍ എത്തണമെന്നുമാണ് എഐസിസിയിലെ പ്രമുഖ നേതാക്കളുടെ അഭിപ്രായം.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ജനവിധി തേടാന്‍ രാഹുല്‍ നേരത്തെ തീരുമാനിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നാകണം രണ്ടാമത്തെ മണ്ഡലം എന്നാണ് എഐസിസിയുടെ നിലപാട്. എന്നാല്‍ അത് കേരളത്തില്‍ നിന്ന് വേണോ എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ട്. ബിജെപി ശക്തി കേന്ദ്രമായ ഏതെങ്കിലും ദക്ഷിണേന്ത്യന്‍ മണ്ഡലത്തില്‍ നിന്ന് ആണെങ്കില്‍ മോഡി  രാഹുല്‍ പോരാട്ടം എന്ന നിലയിലേക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് മാറുമെന്നും എഐസിസി വിലയിരുത്തുന്നു.
തമിഴ്നാട്ടില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ രാഹുല്‍ മത്സരിക്കട്ടെ എന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. അതേസമയം രാഹുല്‍ കേരളത്തില്‍ നിന്ന് തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ വയനാട്ടില്‍ മാത്രമാണ് ജയിച്ചത്.


 

Latest News