Sorry, you need to enable JavaScript to visit this website.

സോളാർ ഗൂഢാലോചന; ഗണേഷ്‌കുമാറിന് ആശ്വാസം, നേരിട്ട് ഹാജറാവണമെന്ന ഉത്തരവിന് സ്‌റ്റേ    

കൊല്ലം - മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ പീഡന പരാതിയിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ്‌കുമാർ നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവിന് സ്റ്റേ. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടെ ഇന്നലത്തെ ഉത്തരവിനാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. 
 കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഒക്ടോബർ 16 വരെയാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്. നേരിട്ട് ഹാജരാകണമെന്ന സമൻസിനെതിരെ കെ.ബി ഗണേഷ് കുമാർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഗണേഷിന് അനുകൂലമായി സ്റ്റേ അനുവദിച്ചത്.
കേസ് ഒക്ടോബർ 16ന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ ഒക്ടോബർ 18ന് നേരിട്ട് ഹാജരാകണമെന്നാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടത്. സോളാർ പീഡന കേസിലെ പരാതിക്കാരിയുടെ വിവാദ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ റിപോർട്ട് നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതിന് പിന്നിൽ കേരള കോൺഗ്രസ് ബി നേതാവും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഗൂഢാലോചനാ കേസിൽ സരിതാ എസ് നായർ ഒന്നാം പ്രതിയും ഗണേഷ്‌കുമാർ രണ്ടാം പ്രതിയുമാണ്.

Latest News