Sorry, you need to enable JavaScript to visit this website.

യു.എ.ഇ പൊതുമാപ്പ് ഇന്നുമുതൽ, ഒൻപത് സേവന കേന്ദ്രങ്ങൾ തുറന്നു

അബുദാബി- നിയമലംഘകരായി യു.എ.ഇയിൽ കഴിയുന്ന ആയിരക്കണക്കിന് വിദേശികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതുമാപ്പിന് ഇന്ന് തുടക്കം. മൂന്നു മാസത്തെ പൊതുമാപ്പിനിടെ, നിയമലംഘകർക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാം. ഈ ആനുകൂല്യം ഉപയോഗിക്കാൻ വിദേശികൾ മുന്നോട്ടുവരണമെന്നു റെസിഡൻഷ്യൽ വകുപ്പ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റഷീദ് പറഞ്ഞു. 
നിരവധി പൊതുമാപ്പ് കേന്ദ്രങ്ങൾ എമിറേറ്റിൽ തുറന്നിട്ടുണ്ട്. വിവിധ എമിറേറ്റുകളിൽ ഒൻപത് സേവന കേന്ദ്രങ്ങളുണ്ട്. അബുദാബിയിൽ ഷഹാമ, അൽഗർബിയ, അൽഐൻ എന്നിവിടങ്ങളിലും ദുബായിൽ അവീറിലെ എമിഗ്രേഷനോട് ചേർന്നുള്ള പ്രത്യേക ടെന്റിലുമാണ് പൊതുമാപ്പ് അപേക്ഷകർ എത്തേണ്ടത്. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ പ്രധാന എമിഗ്രേഷൻ ഓഫീസുകളിലും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 'പദവി ശരിയാക്കി സ്വയം സുരക്ഷിതരാവൂ' എന്ന പ്രമേയത്തിൽ ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 31 വരെ തുടരും. 
രേഖകളില്ലാതെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഇവർക്ക് വീണ്ടും യു.എ.ഇയിലേക്ക് വരണമെങ്കിൽ രണ്ടു വർഷം കാത്തിരിക്കണം. ഒളിച്ചോടിയതായി പരാതിയുള്ളവർ 500 ദിർഹം നൽകി അത് നീക്കം ചെയ്താൽ എക്‌സിറ്റ് പെർമിറ്റ് നൽകും. ഏത് എമിറേറ്റിലാണോ വിസയുള്ളത് പ്രസ്തുത എമിറേറ്റിലാണ് പൊതുമാപ്പിനും അപേക്ഷ നൽകേണ്ടത്. രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആറു മാസത്തെ താൽക്കാലിക വിസ നൽകുമെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. 
ചരിത്രത്തിൽ ആദ്യമായാണ് പൊതുമാപ്പ് അപേക്ഷകർക്ക് ജോലി കണ്ടെത്താൽ  താൽക്കാലിക വിസാ സംവിധാനം ഏർപ്പെടുത്തുന്നത്. ആറു മാസത്തിനിടെ ജോലി കണ്ടെത്തി വിസ മാറ്റണം. ഇതോടകം ജോലി ലഭിച്ചില്ലെങ്കിൽ കാലാവധിക്കുശേഷം രാജ്യം വിടണം.  പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവർക്ക് വീണ്ടും യു.എ.ഇയിലേക്ക് പുതിയ വിസയിൽ വരാനും അനുമതി നൽകിയിട്ടുണ്ട്.
 

Latest News