കൊളംബോ- ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ശ്രീലങ്ക. കാനഡ ഭീകര പ്രവര്‍ത്തകര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യമാണെന്നാണ് ശ്രീലങ്ക ആരോപിക്കുന്നത്.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്രി പറയുന്നത്. യാതൊരു തെളിവുമില്ലാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജസ്റ്റിന് ട്രൂഡോയുടെ പതിവാണെന്നും അലി സബ്രി പറയുന്നു.
ഇന്ത്യയെക്കുറിച്ചു പറഞ്ഞതുപോലുള്ള നുണ ശ്രീലങ്കയെ കുറിച്ചും പറഞ്ഞിരുന്നതായും ശ്രീലങ്കയില്‍ വംശഹത്യ നടത്തിയെന്നായിരുന്നു ട്രൂഡോയുടെ ആരോപണമെന്നും അദ്ദേഹം വിശദമാക്കി. തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്നും അതിനു സമാനമായാണ് ഇന്ത്യക്കെതിരേയും ആരോപണമുന്നയിക്കുകയല്ലാതെ കാനഡയുടെ പക്കല്‍ അതിനു യാതൊരു തെളിവുമില്ലെന്നും സബ്രി ചൂണ്ടിക്കാട്ടി.
ജര്‍മന്‍ വംശീയ വിവേചനത്തിന്റെ പ്രയോക്താക്കളായ നാസികളുമായി ബന്ധപ്പെട്ട് രണ്ടാം ലോക മഹായുദ്ധത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളെ ട്രൂഡോ ആദരിച്ചതിനെയും സബ്രി വിമര്‍ശിച്ചു. അത്തരക്കാരനായ ട്രൂഡോ ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ സൈന്യം എല്‍. ടി. ടി. ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിച്ച് സംഘടനയെ തന്നെ തകര്‍ത്തു കളഞ്ഞ ശേഷം ലങ്കയില്‍ നിന്നു രക്ഷെപ്പട്ട എല്‍. ടി. ടി. ഇ പ്രവര്‍ത്തകര്‍ പലരും ഇപ്പോള്‍ കാനഡയാണ് ആസ്ഥാനമാക്കിയിരിക്കുന്നതെന്നും സമാനമായ രീതിയിലാണ് പഞ്ചാബില്‍നിന്നു തുടച്ചുനീക്കപ്പെട്ട ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രചാരകരും കാനഡയില്‍ പുനഃസംഘടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.