കോഴിക്കോട് - കോഴിക്കോട്ട് വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയത് അസം സ്വദേശിയാണെന്ന് പോലീസ്. വീട്ടമ്മ ആറുവർഷം മുമ്പ് ഉപയോഗിച്ച ഫോൺ നമ്പർ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. പ്രതിയെ പിടികൂടാനുള്ള നിർണായക നീക്കത്തിലാണെന്നും യു.പി.ഐ വഴിയാണ് പ്രതി പണം തട്ടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ട് ഉടമയായ മീഞ്ചന്ത സ്വദേശി പി.കെ ഫാത്തിമ എന്ന വീട്ടമ്മയ്ക്കാണ് അക്കൗണ്ടിൽനിന്ന് അവർ അറിയാതെ പണം നഷ്ടമായത്. 2023 ജൂലൈ 24നും സെപ്തംബർ 19നും ഇടയിൽ 19 ലക്ഷം രൂപ പല തവണയായാണ് അക്കൗണ്ടിൽനിന്ന് നഷ്ടമായത്. ഇവരുടെ മകൻ ബാങ്കിലെത്തി സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
അക്കൗണ്ട് ഉടമ നൽകിയ ഫോൺ നമ്പർ യഥാസമയം മാറ്റുന്നതിൽ വന്ന ബാങ്ക് വീഴ്ചയാണ് തട്ടിപ്പുകാരന് കാര്യങ്ങൾ എളുപ്പമാക്കിയതെന്നാണ് വിവരം. ബാങ്ക് അക്കൗണ്ടുമായി ആദ്യം ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ മാറ്റിയിരുന്നുവെന്നും ഇക്കാര്യം ബാങ്കിനെ അപ്പോൾതന്നെ അറിയിച്ചുവെങ്കിലും അവർ പുതിയ ഫോൺ നമ്പർ യഥാസമയം മാറ്റി അപ്‌ഡേറ്റ് ചെയ്തില്ലെന്നാണ് പറയുന്നത്. എ.ടി.എം കാർഡോ ഓൺലൈൻ പണം ഇടപാടുകളോ ഒന്നും നടത്താത്ത തന്റെ അക്കൗണ്ടിൽനിന്ന് നഷ്ടമായ പണം ഉടൻ തിരികെ ലഭിക്കണമെന്നും എ.ടി.എം കാർഡോ ഓൺലൈൻ ഇടപാടുകളോ നടത്താത്ത തന്റെ അക്കൗണ്ടിൽനിന്നുള്ള പണം തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ അഭ്യന്തര അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് യു.ബി.ഐ ബാങ്ക് അധികൃതർ.