ന്യൂദല്‍ഹി- ഹാക്കര്‍മാരെ വെല്ലുവിളിച്ചതിന്റെ പേരില്‍ ഉള്ള ചാര്‍ജും തീര്‍ന്ന് ഓഫായി ഇരിക്കുകയാണ് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ. ഹാക്കര്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് തന്റെ ആധാര്‍ വെരിഫിക്കേഷനായി നിരന്തരം എത്തുന്ന ഒ.ടി.പി സന്ദേശങ്ങളാല്‍ തന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ശര്‍മ ഇന്നലെ ട്വിറ്ററില്‍ വ്യക്തമാക്കിയത്.
സുഹൃത്തുക്കളേ, നമുക്ക് വീണ്ടും തുടരാം. ഫോണിലേക്കു വരുന്ന ആധാര്‍ വെരിഫിക്കേഷന്‍ റിക്വസ്റ്റുകള്‍ കാരണം ഫോണ്‍ ബാറ്ററി ചാര്‍ജ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ചര്‍ച്ചകള്‍ക്ക് തയാറാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കുക. എന്നായിരുന്നു ശര്‍മയുടെ നിസ്സഹായ ട്വീറ്റ്.
അതിനിടെ, ശര്‍മ ചെയ്തതു പോലെ ആരും ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയ സെക്രട്ടറി അജയ് പ്രകാശ് സാവ്‌നി മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രായ് ചെയര്‍മാനായ ആര്‍.എസ് ശര്‍മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വെല്ലുവിളി നടത്തിയത്. ശര്‍മയുടെ ബാങ്ക് വിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അടക്കം പരസ്യപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ വെല്ലുവിളി പൊളിച്ചടുക്കിയത്. എന്നാല്‍, വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ശര്‍മ ആധാര്‍ ഉപയോഗിച്ചല്ല ഈ വിവരങ്ങള്‍ ലഭ്യമാക്കിയതെന്നു തര്‍ക്കിച്ചു. അതോടെയാണ് ഹാക്കര്‍ നിരന്തര ശ്രമങ്ങളിലൂടെ ശര്‍മയുടെ ഫോണിന്റെ ചാര്‍ജ് തീര്‍ത്തു കൊടുത്തത്.
ആധാറിനെതിരെ രാജ്യവ്യാപകമായി കാമ്പയിനുകള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ആളുകള്‍ക്ക് ഇടയില്‍ ആധാര്‍ ഉപയോഗിക്കുന്നതിന് ഭയമുണ്ടെന്നും ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ശര്‍മ വിശദീകരിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ ആധാര്‍ ആളുകള്‍ ഭയക്കുന്ന സംവിധാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത് പോലെ മറ്റുള്ളവര്‍ ചെയ്യരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത് പോലെ ആരും ചെയ്യരുത്. തന്നെ കുറിച്ച് ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയ വിവരങ്ങള്‍ എല്ലാം ഗൂഗിളില്‍നിന്ന് ലഭിക്കുന്നതാണ്. യുഐഎഡിഐയുടെ സിസ്റ്റം തകര്‍ക്കാനുള്ള ശ്രമവും ചിലര്‍ നടത്തി, അതെല്ലാം പരാജയപ്പെട്ടു. ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഹാക്കിംഗ് ശ്രമങ്ങളുടെ ഭാഗമായി ഒട്ടനവധി ഒടിപി സന്ദേശങ്ങള്‍ മൊബൈലിലേക്ക് വന്നു. ഇതൊക്കെ അല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല. സമയം പാഴാക്കുന്നതാണ് ഇതൊക്കെയെന്നും ശര്‍മ പറഞ്ഞു.
യുപിഐ പെയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് രാജ്യത്ത് ആര്‍ക്കും ആരുടെ അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കാം. തന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ചു എന്ന് പറയുന്നവര്‍ അതിനെ പൊലിപ്പിച്ച് കാണിക്കുകയാണ്. ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഹാക്കിങ് ആണെങ്കില്‍ എല്ലാവരും ഹാക്കിംഗില്‍ സന്തോഷിക്കുന്നവര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ട്വീറ്റ് വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്നും ആധാര്‍ സിസ്റ്റം വികസിപ്പിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവാക്കിയ ആള്‍ എന്ന നിലയില്‍ ആധാര്‍ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും ചെയ്യാന്‍ സാധിക്കില്ലെന്നും തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ എന്നത് ആര്‍ക്കും ദോഷം ഉണ്ടാകുന്ന തരത്തില്‍ അല്ല ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തണമെന്നത് ആയിരുന്നു തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആളുകള്‍ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഉപയോഗിക്കുന്നത് ആധാറാണെന്നും ഇത് കോടി കണക്കിന് ആളുകളെ സുശക്തരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നികുതി വെട്ടിക്കാനും ബിനാമി ഇടപാടുകള്‍ നടത്താനും ശ്രമിക്കുന്നവര്‍ക്ക് ആധാര്‍ തലവേദന ആയിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആളുകളാണ് ആധാറിനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ആധാര്‍ ഉപയോഗിക്കുന്നത് കൊണ്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.