Sorry, you need to enable JavaScript to visit this website.

കാനഡയിൽ ഹിന്ദുക്കൾക്ക് നേരെ വ്യാപക ആക്രമണമെന്ന് റിപ്പോർട്ട്

ന്യൂദൽഹി- കാനഡയിൽ തങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ ധൈര്യം സംഭരിച്ച് ഖാലിസ്ഥാൻ അനുകൂല തീവ്രവാദികൾ (പി.കെ.ഇ) ന്യൂനപക്ഷമായ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് റിപ്പോർട്ട്. ഇതിന് പുറമെ ക്ഷേത്രങ്ങൾ ആക്രമിക്കുന്നതടക്കം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ മിഷനുകളുടെയും നയതന്ത്രജ്ഞരുടെയും ശാരീരിക സുരക്ഷയ്ക്ക് ഖാലിസ്ഥാനികൾ നടത്തുന്ന ഭീഷണികൾ വളരെ ഗുരുതരമാണെന്ന് പേരുവെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഇന്ത്യയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പഞ്ചാബിലെ നിസ്സാര വിഷയങ്ങളിൽ പോലും കാനഡയിൽ നിന്ന് ശക്തമായി പ്രതികരിക്കുന്ന ഖലിസ്ഥാൻ തീവ്രാദികൾ കാനഡയിലെ അതിക്രമങ്ങളിൽ പ്രതിഷേധിക്കുന്നില്ല. തിങ്കളാഴ്ച നടന്ന രഹസ്യാന്വേഷണ ഏജൻസികളുടെ ഉന്നതതല യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. 
കാനഡയിലെ എല്ലാ വലിയ ഗുരുദ്വാരകളിൽ നിന്നും മിതവാദികളും ഇന്ത്യാ അനുകൂലികളുമായ സിഖുകാരെ പി.കെ.ഇകളുടെ പേശീബലവും പണശക്തിയും ഉപയോഗിച്ച് പുറത്താക്കുന്നുണ്ട്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങൾ പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കൊണ്ടുവന്ന് പഞ്ചാബിലുടനീളം വിൽക്കുന്നു. ഈ പണത്തിന്റെ ഒരു ഭാഗം കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്ക് തിരികെ നൽകുന്നു.
വർഷങ്ങൾക്കുള്ളിൽ, ഖാലിസ്ഥാൻ തീവ്രവാദികൾ കൂടുതൽ ധൈര്യം പ്രാപിക്കുകയും കാനഡയിൽ ഭയമേതുമില്ലാതെ പ്രവർത്തിക്കുകയുമാണ്. കഴിഞ്ഞ ദശകത്തിൽ, പഞ്ചാബിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പകുതിയിലധികം ഭീകരാക്രമണ കേസുകളിലും കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി തീവ്രവാദികളുടെ കണ്ണികൾ ഉയർന്നുവന്നിട്ടുണ്ട്- ഒരു രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 
കാനഡയിൽ പോലും നിരവധി ഖാലിസ്ഥാനികൾ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമാണ്. പഞ്ചാബിൽ നിന്നുള്ള ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അന്തർസംഘർഷങ്ങൾ കാനഡയിൽ ഇപ്പോൾ സാധാരണമാണ്. ഇന്ത്യാനുകൂലമായ സിഖ് നേതാവ് റിപുദമൻ സിംഗ് മാലിക് 2022ൽ സറേയിൽ തന്നെ കൊല്ലപ്പെട്ടതും ഇതിനോട് കൂട്ടിവായിക്കാം. 
എന്നാൽ, കനേഡിയൻ ഏജൻസികൾ ഇതിന് പിന്നിലുള്ള യഥാർത്ഥ ആളുകളെ കണ്ടെത്തുന്നതിലും യഥാർത്ഥ ഗൂഢാലോചനയുടെ ചുരുളഴിക്കുന്നതിലും താൽപര്യം കാണിച്ചില്ല. ഇന്ത്യൻ വംശജരല്ലാത്ത രണ്ട് പ്രാദേശിക കുറ്റവാളികളെ മാത്രമാണ് കേസിൽ പ്രതിചേർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. 
2016 ന് ശേഷം പഞ്ചാബിൽ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നിജ്ജാറിന്റെയും കൂട്ടാളികളുടെയും കൗശലമാണെന്ന് റിപ്പോർട്ട് പറയുന്നു, എന്നാൽ കനേഡിയൻ ഏജൻസികൾ നിജ്ജാറിനും സുഹൃത്തുക്കളായ ഭഗത് സിംഗ് ബ്രാർ, പാരി ദുലൈ, അർഷ് ദല്ല, ലക്ബീർ എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടില്ല.

Latest News