Sorry, you need to enable JavaScript to visit this website.

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമയമായില്ലെന്ന് നിയമ കമ്മീഷന്‍

വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- രാജ്യത്ത് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളതെന്ന് ദേശീയ നിയമ കമ്മീഷന്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സിവില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്ന് ബി.എസ് ചൗഹാന്‍ അഭിപ്രായപ്പെട്ടതായി വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹികള്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുന്നതിനിടെയാണ് നിയമ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്കാര്യം ബോര്‍ഡ് ഭാരവാഹികളെ അറിയിച്ചിരിക്കുന്നത്. ഏകസിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2016 ഒക്ടോബര്‍ ഏഴിന് കമ്മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചിരുന്നു. ചോദ്യാവലി വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്്‌ലിം സംഘടനകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി നിയമ കമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ, പൗരാവകാശ, മത, സാമൂഹിക സംഘടനകളില്‍നിന്നും വിശദമായ കുറിപ്പുകള്‍ സമര്‍പ്പിക്കാന്‍ ഈ വര്‍ഷം ഏപ്രിലില്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം മെയ് 21നും ഇന്നലെയുമായി കമ്മിഷനുമായി രണ്ടുതവണയാണ് ബോര്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചനടത്തിയത്. ചര്‍ച്ചകളില്‍ പ്രധാനമായും വിവാഹം, അനന്തരാവകാശം, വിവാഹമോചനം, പുനര്‍വിവാഹം, ശൈശവവിവാഹം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം, വിധവകളുടെ പുനര്‍വിവാഹം, പിതാവ് മരിച്ച മക്കളുടെ സംരക്ഷണം എന്നിവ സംബന്ധിച്ചാണ് കമ്മിഷന്‍ വിശാദാംശങ്ങള്‍ ചോദിച്ചറിഞ്ഞത്.
ഇന്നലത്തെ ചര്‍ച്ചയിലും കമ്മിഷന്‍ ആവശ്യപ്പെട്ടതു പ്രകാരം ഇക്കാര്യങ്ങള്‍ ഖുര്‍ആന്റെ പശ്ചാത്തലത്തില്‍ പ്രമുഖ പണ്ഡിതന്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി വിശദീകരിച്ചതായി ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. ദത്തെടുക്കല്‍ ഇസ്്‌ലാമിന്റെ ഭാഗമല്ലെന്ന് കമ്മിഷനെ ബോര്‍ഡ് അറിയിച്ചു.
ഏകസിവില്‍ കോഡ് പ്രായോഗികമല്ലെങ്കിലും വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് കമ്മിഷന്‍ വാക്കാല്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ഇതിനോട് ബോര്‍ഡ് യോജിച്ചില്ല. വ്യത്യസ്ത വിശ്വാസ, സംസ്‌കാര, ഭാഷാ, സംസ്‌കാര, ആചാര രീതി സ്വീകരിച്ചവര്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് സിവില്‍ നിയമങ്ങള്‍ ഏകീകകരിക്കുന്നത് പ്രായോഗികമല്ല. അതിനാല്‍ നിയമങ്ങള്‍ ഏകീകരിക്കണമെന്നോ പരിഷ്‌കരിക്കണമെന്നോ സര്‍ക്കാര്‍ ആവശ്യപ്പെടരുത്. മുസ്്‌ലിം വ്യക്തിനിയമത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ഇടപെടലുകള്‍ അംഗീകരിക്കില്ലെന്നതുള്‍പ്പെടെയുള്ള നിലപാട് വ്യക്തമാക്കുന്ന കുറിപ്പും ബോര്‍ഡ് കമ്മിഷനു സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച് ഒരിക്കല്‍ കൂടി കമ്മിഷനുമായി ചര്‍ച്ചനടത്തുമെന്നും ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.
വ്യക്തിനിയമങ്ങള്‍ ക്രോഡീകരിക്കുന്നതിനെയും ബോര്‍ഡ് അംഗീകരിക്കുന്നില്ല. മുസ്്‌ലിംകളുടെ ജീവിതം ഖുര്‍ആനും ഹദീസും (പ്രവാചകജീവിത ചര്യ) അനുസരിച്ചാണ്. ഇസ്്‌ലാമിലെ അടിസ്ഥാനവിഷയത്തെ കുറിച്ച് തന്നെ മുസ്്‌ലിംകളിലെ വ്യത്യസ്ത ചിന്താധാരകള്‍ക്ക് (മദ്ഹബ്) വിവിധ കാഴ്ചപ്പാടുകളാണുള്ളത്. വിവാഹ മോചനത്തിനായി മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്ന (മുത്തലാഖ്) സംവിധാനം മുസ്ലിംകളിലെ ഒരുവിഭാഗം മാത്രമാണ് അംഗീകരിക്കുന്നത്. എത്രതവണ മൊഴിചൊല്ലിയാലും ഒന്നു മാത്രമെ സംഭവിക്കൂവെന്നാണ് ചിലരുടെ വിശ്വാസം. ഇത്തരമൊരു സാഹചര്യത്തില്‍ മതനിയമങ്ങള്‍ ക്രോഡീകരിക്കാനോ മാറ്റംവരുത്താനോ കഴിയില്ലെന്നാണ് ബോര്‍ഡ് നിലപാട്.
ഫസലുര്‍റഹ്്മാന്‍ മുജദ്ദിദി, അസ്ഗര്‍ ഇമാം മെഹ്ദി, മൗലാനാ നിയാസ് എ. ഫാറൂഖി, ഡോ. എസ്.ക്യു.ആര്‍. ഇല്‍യാസി, മൗലാനാ മുഫ്തി മുഹമ്മദ് മുകര്‍റം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News