കണ്ണൂര്‍ - വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര, കോഴിക്കോട്, വയനാട് സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനായി സി.പി.എം, മത ഭീകര ശക്തികളുമായി ധാരണയിലെത്തിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണ ദാസ്.
ഫസല്‍ വധക്കേസിലെ പ്രതികളായ സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തുന്നതിനു പകരമായി ശ്യാമപ്രസാദ് വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ സി.പി.എം ഉണ്ടാക്കിയ ധാരണയുടെ ഫലമായാണ് ഈ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തത്. ശ്യാമ പ്രസാദ് വധക്കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്നു പറയുന്ന പ്രതികള്‍ പോലീസിന്റെ മൂക്കിനു താഴെ സൈ്വരവിഹാരം നടത്തിയിട്ടും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഈ കേസിലെ ഗൂഢാലോചനക്കാരെ പിടികൂടി ചോദ്യം ചെയ്താല്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് പുറത്തു വരും. സി.പി.എം എക്കാലവും മത വര്‍ഗീയ സംഘടനയായ എന്‍.ഡി.എഫുമായും പോപ്പുലര്‍ ഫ്രണ്ടുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം അധികാരത്തിലേറിയത് ഇത്തരം സഖ്യത്തിന്റെ ഫലമായാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇത്തരം സംഘടനകളുടെ നേതാക്കളുമായി നേരില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. തീവ്രവാദ - മത ഭീകര സംഘടനകളില്‍ പെട്ടവരെ രക്ഷിക്കാന്‍ സി.പി.എം വ്യഗ്രത കാട്ടുന്നത് ഇതിനു തെളിവാണ്. - കൃഷ്ണ ദാസ് ആരോപിച്ചു.
ശ്യാമ പ്രസാദ് വധക്കേസ് എന്‍.ഐ.എ അന്വേഷിക്കണം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രതികളായ കേസുകള്‍ അട്ടിമറിക്കാന്‍ സി.പി.എമ്മും പോലീസും ഗൂഢാലോചന നടത്തുകയാണ്. രാജ്യദ്രോഹികളുടെ ഭ്രാന്തും, പിണറായി വിജയന്റെ അധികാര ഭ്രാന്തും കേരളത്തെ കുരുതിക്കളമായി മാറ്റുമെന്നും കൃഷ്ണ ദാസ് ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. നൂറു കണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു. ഡി.വൈ.എസ്.പി, പി.പി സദാനന്ദന്, സി.ഐ രത്നകുമാര്‍, എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്.