മലപ്പുറം - ഒരു കോൺഗ്രസ് പ്രവർത്തകനും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ഇനി മുതൽ എന്റെ ഭാഗത്തുന്നിന്ന് ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണത്തിൽ മികച്ച പാർല്ലമെന്റേറിയനുള്ള പ്രഥമ ആര്യാടൻ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
നല്ല തൊണ്ട വേദനയുള്ളതിനാൽ വിശദമായ ഒരു പ്രസംഗത്തിന് മുതിരുന്നില്ല. കേരള രാഷ്ട്രീയത്തിലും പാർല്ലമെന്ററി രംഗത്തുമുള്ള ആര്യാടന്റെ സംഭാവനകളെ ഹ്രസ്വമായി അനുസ്മരിച്ച പ്രതിപക്ഷ നേതാവ് ആര്യാടന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിലും ഈ അവാർഡ് നൽകാൻ മാത്രമായി കെ.സി വേണുഗോപാൽ ഡൽഹിയിൽനിന്ന് വന്നതിലുള്ള സ്‌നേഹവും പ്രകടിപ്പിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈയിടെ ഭാഗധേയം നിർണയിച്ച രണ്ടു സംഭവങ്ങളുണ്ട്. ഒന്ന്, രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും മറ്റൊന്ന്, ഇന്ത്യാ മുന്നണിയുടെ രൂപീകരണവുമാണ്. ഈ രണ്ട് കാര്യത്തിലും പാർട്ടിയുടെ ബുദ്ധികേന്ദ്രമായി നേതൃത്വത്തിനൊപ്പം ഊർജസ്വലമായി പ്രവർത്തിക്കാൻ കെ.സിക്ക് സാധിച്ചതായും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. കെ.സി ഡൽഹിയിലുള്ളത് കേരളത്തിലുള്ള നമുക്കെല്ലാം വലിയ ആശ്വാസവും ആത്മവിശ്വാസമാണ്. അവാർഡ് സ്വീകരിച്ച് എല്ലാ കോൺഗ്രസ് നേതാക്കളോടും പവർത്തകരോടും എല്ലാവരോടും ഒരു കാര്യം ഞാൻ ഉറപ്പിച്ചുപറയുന്നു. ഒരു കോൺഗ്രസ് പ്രവർത്തകനും വേദനയുണ്ടാക്കുന്ന ഒന്നും ഞാനിനി ചെയ്യില്ലാ എന്നതാണതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പ്രതിപക്ഷ നേതാവിന് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.