ന്യൂദൽഹി- 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്ക് വൻ തിരിച്ചടി. എൻ.ഡി.എ മുന്നണിയുടെ ഭാഗമാകുന്നില്ലെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചു. നേരത്തെ സംസ്ഥാന തലത്തിൽ ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ വിട്ടിരുന്നു. ദേശീയ സഖ്യത്തിൽനിന്നും പിൻവാങ്ങുകയാണെന്ന് പാർട്ടി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഐകകണ്‌ഠേന പ്രമേയം പാസാക്കി. കഴിഞ്ഞ ഒരു വർഷമായി ബിജെപിയുടെ സംസ്ഥാന നേതൃത്വം ഞങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി ഇ.പി.എസിനെയും ഞങ്ങളുടെ അണികളെയും കുറിച്ച് തുടർച്ചയായി അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്ന് പാർട്ടി ഡെപ്യൂട്ടി കോഓർഡിനേറ്റർ കെ.പി മുനുസാമി പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ ദേശീയ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെയും ഭാഗമല്ലെന്നും പ്രത്യേക മുന്നണിയിൽ ചേരുമെന്നും പാർട്ടി വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിൽ സംബന്ധിച്ച് മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിലാണ് സുപ്രധാന തീരുമാനം. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ എ.ഐ.എ.ഡി.എം.കെ നേതാക്കൾക്കെതിരെ ആവർത്തിച്ച് അഭിപ്രായപ്രകടനം നടത്തിയതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. ചെന്നൈയിൽ പടക്കം പൊട്ടിച്ച് എ.ഐ.എ.ഡി.എം.കെ പാർട്ടി പ്രവർത്തകർ തീരുമാനത്തെ സ്വാഗതം ചെയ്തു.