അബുദാബി-യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ താല്‍പര്യമുള്ളവരെ തേടി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇട്ട എക്‌സ് പോസ്റ്റിന് വന്‍ സ്വീകാര്യത. 7 മണിക്കൂറിനിടെ 4700 പേരാണ് അപേക്ഷ അയച്ചത്.
യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആണ് രാജ്യം തിരയുന്നത്. കഴിവുള്ള സത്യസന്ധരായ സ്വദേശികള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയില്‍ ([email protected]) വഴി അപേക്ഷിക്കണമെന്നായിരുന്നു അറിയിപ്പ്.
യു.എ.ഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരനും ശക്തനുമാകുക, രാജ്യസേവനത്തില്‍ അഭിനിവേശം ഉള്ളവരാകുക എന്നതാണ് പ്രധാന നിബന്ധന.