ന്യൂദല്‍ഹി- മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷന്‍ കേസിലെ പ്രതിയുമായ എം. ശിവശങ്കറിന് അനുവദിച്ച ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചു.
നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും ചികിത്സക്കുമായി ശിവശങ്കറിന് രണ്ട് മാസത്തെ ജാമ്യമാണ് സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നത്. ഈ കാലാവധി ഒക്ടോബര്‍ 2-ന് അവസാനിക്കാനിരിക്കെയാണ് ജാമ്യ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഒരു ശസ്ത്രക്രിയ ഇതിനോടകം പൂര്‍ത്തിയായെന്നും ഒരു ശസ്ത്രക്രിയകൂടി ആവശ്യമാണെന്നും ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജും അഭിഭാഷകന്‍ മനു ശ്രീനാഥും വാദിച്ചു.
എന്നാല്‍, ചികിത്സക്കായി അനന്തമായി ജാമ്യം നീട്ടിനല്‍കുന്നതിനെ ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കെ.എം. നടരാജ് എതിര്‍ത്തു. ഈ എതിര്‍പ്പ് അവഗണിച്ചാണ് ജാമ്യ കാലാവധി രണ്ട് മാസത്തേക്കുകൂടി സുപ്രീം കോടതി നീട്ടിയത്. കാലാവധി കഴിയുമ്പോള്‍ ശിവശങ്കര്‍ കീഴടങ്ങണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.