തിരുവനന്തപുരം- ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും ബ്രിട്ടീഷ് എയര്‍വേയ്‌സും തമ്മിലുള്ള സഹകരണം യാഥാര്‍ഥ്യമായതോടെ തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് പ്രതിദിന വിമാന സര്‍വീസ് യാഥാര്‍ഥ്യമാകുന്നു. ഒക്ടോബര്‍ 12 മുതലാണ് ഇരു കമ്പനികളും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
മുംബൈയില്‍ നിന്നാണ് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തുള്ള യാത്രക്കാര്‍ക്ക് മുംബൈ വഴി ഒറ്റ ടിക്കറ്റില്‍ നേരിട്ട് യാത്ര ചെയ്യാമെന്നതാണ് നേട്ടം. ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വലിയ നേട്ടമാണ് പുതിയ കരാര്‍. ഇതോടെ യൂറോപ്പിലേക്കും തിരിച്ചും ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാം. നേരത്തെ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇന്‍ഡിഗോയ്ക്ക് ഇത്തരത്തില്‍ ഇന്റര്‍ലൈന്‍ സര്‍വീസ് ഉണ്ടായിരുന്നു.
രാജ്യത്തെ മൂന്ന് നഗരങ്ങളിലെ ഇന്‍ഡിഗോ വിമാന സര്‍വീസുകളുമായാണ് കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. നേരത്തെ കൊച്ചിയില്‍നിന്ന് ഇത്തരത്തിലുള്ള സര്‍വീസ് ഉണ്ട്. തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമാണ് പൂര്‍ത്തിയായത്.