കാനഡയിലെ ഖലിസ്ഥാന്‍ നേതാക്കള്‍ ബിഒടികളിലും സിനിമാ നിര്‍മാണത്തിനും വാതുവെപ്പിനും പണം ചെലവഴിക്കുന്നെന്ന് കണ്ടെത്തല്‍

ന്യൂദല്‍ഹി- കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ നേതാക്കളും ഗുണ്ടാസംഘങ്ങളും ഇന്ത്യയില്‍ സമ്പാദിക്കുന്ന പണം ഇന്ത്യയിലും കാനഡയിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും ബിഒടികളില്‍ നിക്ഷേപിക്കാനുമാണ് ചെലവഴിക്കുന്നതെന്ന് കണ്ടെത്തല്‍. സിനിമകള്‍ നിര്‍മിക്കാനും കനേഡിയന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെപ്പിനും ഉള്‍പ്പെടെ ഈ പണം ഉപയോഗിക്കുന്നണ്ടത്രെ. ഖലിസ്ഥാന്‍ നേതാക്കളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തലുകള്‍ ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

മാത്രമല്ല ഗുണ്ടാസംഘങ്ങള്‍ ഉണ്ടാക്കിയ പണം തായ്‌ലന്‍ഡിലെ ക്ലബ്ബുകളിലും ബാറുകളിലും നിക്ഷേപിച്ചിട്ടുമുണ്ട്. 2019 മുതല്‍ 2021 വരെ അഞ്ച് ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌നോയ് കാനഡയിലേക്കും തായ്‌ലന്‍ഡിലേക്കും ഹവാല വഴി അയച്ച 13 സംഭവങ്ങളാണ് ഏജന്‍സി പട്ടികപ്പെടുത്തിയിരിക്കുന്നത്. 

ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡയുമായി തന്റെ ഡെപ്യൂട്ടി സത്വീന്ദര്‍ജീത് സിംഗ് എന്ന ഗോള്‍ഡി ബ്രാര്‍ മുഖേന ബിഷ്‌നോയി വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഏജന്‍സികളുടെ കണ്ടെത്തലില്‍ പറയുന്നു. 

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍, ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോറന്‍സ് ബിഷ്‌നോയിയുടെ സിന്‍ഡിക്കേറ്റ് വ്യാപിച്ചുകിടക്കുന്നു.

Latest News