ന്യൂദല്‍ഹി- ഖാലിസ്ഥാന്‍ ഭീകരനും നിരോധിത വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്‌വന്ത് സിംഗ് പന്നൂനെതിരായ കര്‍ക്കശ നടപടിക്ക് ശേഷം ദേശീയ അന്വേഷണ ഏജന്‍സി മറ്റ് സിക്ക് നേതാക്കള്‍ക്ക് പൂട്ടിടുന്നു.
യു.കെ, യു.എസ്, കാനഡ, ദുബായ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന 19 ഖാലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയാറാക്കി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. സുരക്ഷാ ഏജന്‍സികള്‍ വര്‍ഷങ്ങളായി ഇവരെ പിന്തുടരുകയാണ്.
തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് നടപടി. ഈ ഭീകരര്‍ വിദേശത്ത് നിന്ന് ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതായി ആരോപിക്കപ്പെടുന്നു.
യുകെയില്‍ ഒളിവില്‍ കഴിയുന്ന പരംജിത് സിംഗ് പമ്മ, പാകിസ്ഥാനിലുള്ള വാധ്വ സിംഗ് ബബ്ബര്‍ എന്ന ചാച്ച, യുകെയില്‍ കുല്‍വന്ത് സിംഗ് മുദ്ര, യുഎസില്‍ ജയ് ധലിവാള്‍, യുകെയില്‍ സുഖ്പാല്‍ സിംഗ്, യുകെയില്‍ ഹര്‍പ്രീത് സിംഗ് എന്ന റാണാ സിംഗ്, യുകെയില്‍ സരബ്ജീത് സിംഗ് ബെന്നൂര്‍, കുല്‍വന്ത് സിംഗ് ബെന്നൂര്‍ എന്നിവര്‍ ലിസ്റ്റിലുണ്ട്.