കറാച്ചി- ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടര ദശലക്ഷത്തിലധികം പേര്‍ പാകിസ്താനില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെപ്പോയതായി ലോകബാങ്കിന്റെ കണക്ക്. പാകിസ്താനിലെ ജനസംഖ്യയുടെ 40 ശതമാനം പേരും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുകയാണെന്നും ലോകബാങ്ക് പറയുന്നു. സമ്പദ് വ്യവവസ്ഥ തകര്‍ന്ന പാകിസ്താനില്‍ അടിയന്തരമായി സാമ്പത്തിക സ്ഥിരതയ്ക്കുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു.
പ്രതിദിനം 3.65 ഡോളര്‍ നിലവാരത്തിന് താഴെ കഴിഞ്ഞ വര്‍ഷം 34.2 ശതമാനം പേരാണുണ്ടായിരുന്നതെങ്കില്‍ ഒരു വര്‍ഷത്തിനകം അത് 39.4 ശതമാനമായാണ് ഉയര്‍ന്നത്. ഏകദേശം 95 ദശലക്ഷം പാക്കിസ്ഥാനികള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനവും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കൂള്‍ കുട്ടികളും പാക്കിസ്ഥാനിലാണ്.
2000നും 2020നും ഇടയില്‍ പാക്കിസ്ഥാന്റെ ശരാശരി യഥാര്‍ഥ പ്രതിശീര്‍ഷ വളര്‍ച്ചാ നിരക്ക് 1.7 ശതമാനം മാത്രമാണെന്നാണ് ലോകബാങ്കിന്റെ കണക്കുകള്‍ പറയുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ശരാശരി പ്രതിശീര്‍ഷ വളര്‍ച്ചാ നിരക്കായ നാല് ശതമാനത്തിന്റെ പകുതിയില്‍ താഴെയാണിത്. 1980കളില്‍ പാക്കിസ്ഥാന്റെ പ്രതിശീര്‍ഷ വരുമാനം ദക്ഷിണേഷ്യയിലെ ഏറ്റവും ഉയര്‍ന്ന വരുമാനത്തില്‍ ഒന്നായിരുന്നുവെങ്കിലും അത് ഇപ്പോള്‍ ഈ മേഖലയിലെ ഏറ്റവും താഴ്ന്ന വരുമാനമാണെന്നും ലോകബാങ്ക് പറയുന്നു.
പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന വൈദ്യുതി വില, കടുത്ത കാലാവസ്ഥാ ആഘാതങ്ങള്‍, വികസനത്തിനും കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും ധനസഹായം നല്‍കാനുള്ള അപര്യാപ്തമായ പൊതുവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പാകിസ്ഥാന്‍ അഭിമുഖീകരിക്കുന്നുണ്ട്.
കൃഷിക്കും റിയല്‍ എസ്റ്റേറ്റിനും നികുതി ചുമത്താനും സമ്പദ് വ്യവസ്ഥയിലെ പാഴ്ച്ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുമാണ് പാകിസ്ഥാനോട് ലോകബാങ്ക് ആവശ്യപ്പെടുന്നത്.