Sorry, you need to enable JavaScript to visit this website.

സൈലന്റ്‌വാലി എസ്റ്റേറ്റില്‍ പടയപ്പ റേഷന്‍കട തകര്‍ത്തു


ഇടുക്കി-മൂന്നാര്‍ സൈലന്റ്‌വാലി എസ്റ്റേറ്റില്‍ കാട്ടാന പടയപ്പ റേഷന്‍കടയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ത്തു. അരിക്കൊമ്പന് പിന്നാലെ അരി തിന്നാനുള്ള പടയപ്പയുടെ ശ്രമത്തില്‍ അടുത്തിടെ മാത്രം രണ്ട് റേഷന്‍കടക്കും ഒരു വീടിനും നാശം സംഭവിച്ചിട്ടുണ്ട്.
മേഖലയില്‍ മൂന്ന് ദിവസമായി തമ്പടിച്ച പടയപ്പ ആളുകളെ ആക്രമിക്കുന്നില്ലെങ്കിലും കൃഷി നശിപ്പിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ്  ആന ആക്രമണം നടത്തിയത്. വന്യമൃഗ ശല്യം ഉണ്ടാകാതിരിക്കാന്‍ റേഷന്‍ കടക്ക് ചുറ്റും ട്രഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രഞ്ചില്‍ ഇറങ്ങി നിന്നാണ് പടയപ്പ റേഷന്‍കടയുടെ പുറകുവശത്തെ മേല്‍ക്കൂര തകര്‍ത്തത്. തുടര്‍ന്ന് ട്രഞ്ചിലൂടെ നടന്ന് റേഷന്‍കടയുടെ മുന്‍വശം തകര്‍ക്കാന്‍ ശ്രമിക്കവേയാണ് തൊഴിലാളികള്‍ ബഹളം ആനയെ പിന്തിരിപ്പിച്ചത്.
രാപകല്‍ ഭേദമില്ലാതെ മേഖലയില്‍ ഇറങ്ങുന്ന പടയപ്പയെ ആളുകള്‍ ഭയന്ന് ഓടി അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. വനം വകുപ്പ്  പടയപ്പയെ കാടുകയറ്റാനുള്ള നടപടി സ്വീകരിക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ 15ന് പുലര്‍ച്ചെ പടയപ്പ ലാക്കാട് ബസാറിലെ എസ്റ്റേറ്റിലെത്തി റേഷന്‍ കട തകര്‍ത്ത് അരി ആഹാരമാക്കിയിരുന്നു. മറയൂരില്‍ ഒന്നര മാസത്തോളം ചുറ്റിത്തിരിഞ്ഞ പടയപ്പ അടുത്തിടെയാണ് മടങ്ങി മൂന്നാറിലെത്തിയത്.

 

Latest News