ഭാര്യയുടെ അസുഖം മൂർച്ഛിച്ചപ്പോൾ അയാൾക്ക് നാട്ടിൽപോയേ തീരൂ എന്നായി. ഗൾഫിലൊരിടത്ത് തരക്കേടില്ലാത്ത രീതിയിൽ സ്വന്തം ഉടമസ്ഥതയിൽ ഒരു ഹാർഡ്‌വെയർ കട നടത്തുകയായിരുന്നു അയാൾ. ഭാര്യയുടെ അവസ്ഥ സീരിയസ് ആണ് എന്നതിനാൽ പോകാതെ നിർവ്വാഹമില്ല. പോയാൽ എന്ന് തിരിച്ചു വരാനാകും എന്ന ഉറപ്പുമില്ല അയാൾക്ക്.
സ്ഥാപനം ആരെ വിശ്വസിച്ചു ഏൽപ്പിക്കും എന്ന ആലോചന, വിശ്വസ്തനും ഉറ്റ സുഹൃത്തുമായ ഏൽപ്പിച്ചാലോ എന്ന തീർപ്പിലെത്തി. ഒരു ടൈപ്പിങ്ങ് സെന്ററിൽച്ചെന്നു കാര്യം പറഞ്ഞപ്പോൾ സെന്റർ ഉടമ ഒരു ജനറൽ പവർ ഓഫ് അറ്റോർണി ഉണ്ടാക്കിക്കൊടുത്തു. എല്ലാ കാര്യങ്ങളും സുഹൃത്തിനെ ചുമതലപ്പെടുത്തുന്നതായിരുന്നു ഉള്ളടക്കം. നോട്ടറിയുടെ മുമ്പിൽ എത്തിയപ്പോൾ, ഈ ഡോക്യൂമെന്റിൽ പറഞ്ഞ കാര്യങ്ങൾ താങ്കൾ അംഗീകരിക്കുകയാണെങ്കിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ടു. ടൈപിങ് സെന്ററിൽനിന് തയ്യാറാക്കിക്കിട്ടിയ ഡോക്യൂമെന്റിൽ സംശയിക്കാനെന്തിരിക്കുന്നു എന്ന തീർപ്പിൽ അയാൾ നോട്ടറിക്കുമുമ്പിൽ ആ ഡോക്യുമെന്റ് ഒപ്പിട്ട് നിയമവിധേയമാക്കി സുഹൃത്തിനു നൽകി അയാൾ ധൃതിയിൽ നാട്ടിലേക്ക് തിരിച്ചു.
രണ്ടുമാസം ഭാര്യയുടെ കൂടെ ആശുപത്രിയിൽ ചെലവഴിച്ചു. ഇടയ്ക്കിടെ സുഹൃത്തിനെ വിളിച്ച് കാര്യങ്ങൾ തിരക്കി. എല്ലാം ഭംഗിയിൽ നടക്കുന്നു എന്ന സന്തോഷവിവരം കേട്ട് സമാധാനിച്ചു.
ഭാര്യ ആശുപത്രീയില്നിന്നു ഡിസ്ചാർജ്ജ് ആയപ്പോൾ അയാൾ വിമാനം കയറി. ഗൾഫിലെ വിമാനത്താവളത്തിൽ എത്തി പുറത്തിറങ്ങാൻ നോക്കുമ്പോൾ വിലയ്ക്ക്! വിസയ്ക്ക് സാധുതയില്ലെന്ന് എമിഗ്രേഷൻ ഓഫീസർ! ഇൻവെസ്റ്റർ വിസയാണല്ലോ തന്റേതെന്ന് തിരക്കിയപ്പോൾ, ഒരു മാസം മുമ്പേ അത് കാൻസലായെന്ന്! വിശ്വസ്തനായ ചങ്ങാതിയെ വിളിച്ചപ്പോൾ അയാളുടെ ഫോൺ സ്വിച്ച് ഓഫ്!
ഉടൻ മറ്റൊരു ചങ്ങാതിയെ വിളിച്ചു തനിക്കൊരു വിസിറ്റ് വിസ അറേഞ്ച് ചെയ്തു തരാൻ ആവശ്യപ്പെട്ടു. അഞ്ചെട്ടു മണിക്കൂറിനുള്ളിൽ വാട്സ്ആപ്പിൽ അയച്ചുകിട്ടിയ മൂന്നുമാസം കാലാവധിയുള്ള വിസിറ്റ് വിസയിൽ അയാൾ പുറത്തിറങ്ങി. നേരെ കടയിലേക്ക് ചെന്നപ്പോൾ അവിടെ കാഷ് കൗണ്ടറിൽ മറ്റൊരു രാജ്യക്കാരനിരിക്കുന്നു! കടയിൽ പുതിയ ജോലിക്കാരും! ഒരാളെപ്പോലും മുഖപരിചയമില്ല. ആ സ്ഥാപനമോ അതിലെ ആരുമോ തന്നെ തിരിച്ചറിയുന്നുപോലുമില്ല! വിശ്വസ്തനായ സുഹൃത്തിനെക്കുറിച്ചന്വേഷിപ്പോൾ അയാൾ ഇന്നലെ രാജ്യം വിട്ടു എന്ന് കൗണ്ടറിൽ ഇരിക്കുന്ന ആളുടെ നിർവ്വികാരത്തോടെയുള്ള മറുപടി!
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്താണ് സംഭവിച്ചതെന്നറിയാൻ അയാൾ ഒരു നിയമജ്ഞൻ സമീപിച്ചു. നിയമജ്ഞൻ ആ ജനറൽ പവർ ഓഫ് അറ്റോർണിയുടെ ഒരു കോപ്പി ആവശ്യപ്പെട്ടു! സംഗതി വ്യക്തം! കട ഉടമയുടെ സ്ഥാവര-ജംഗമ വസ്തുക്കളും ബൗദ്ധികസ്വത്തുക്കൾ പോലും വിൽക്കാനും കൈമാത്രം ചെയ്യാനും ഉടമയുടെ വിസയും ലേബർ കാർഡും കാൻസൽ ചെയ്യാനുമുൾപ്പെടെയുള്ള പവറുകൾ അതിൽ ഉണ്ട്. ആ മുഴുവൻ പവറുകളും ഉപയോഗിച്ച് 'വിശ്വസ്ത' സുഹൃത്ത് കട മറ്റൊരാൾക്ക് വിൽക്കുകയും ഉടമയുടെ വിസ കാൻസൽ ചെയ്യുകയും ചെയ്തിരിക്കുന്നു!
ഇവിടെ ആരാണ് യഥാർത്ഥ പ്രതി? കട ഉടമയോ 'വിശ്വസ്ത' സുഹൃത്തോ ടൈപ്പിംഗ് സെന്റർ ഉടമയോ അതോ നോട്ടറിയോ?
മുഖ്യ പ്രതി മറ്റാരുമല്ല, കട ഉടമ തന്നെ. ആരെയും അന്ധമായി വിശ്വസിച്ച് എല്ലാ കാര്യങ്ങളും അയാളെ നിയമപ്രകാരം രേഖാമൂലം ഏൽപ്പിക്കരുത് എന്നതാണ് ഇതിലെ മുഖ്യ പാഠം. നോട്ടറിയുടെ മുമ്പിലാകട്ടെ, സാക്ഷികളുടെ മുമ്പിലാകട്ടെ ഏതെങ്കിലും ഒരു ഡോക്യൂമെന്റിൽ ഒപ്പിടുന്നുണ്ടെകിൽ, അതിനു മുമ്പ് വളരെ ശ്രദ്ധയോടെ അത് വായിച്ചു ബോധ്യപ്പെട്ടു മാത്രം ഒപ്പിടുക. വായിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ആ യോഗ്യതയുള്ള മറ്റൊരാളെ സമീപിച്ച് ആ ഡോക്യുമെന്റ് വായിപ്പിച്ച് അതിൽ വല്ല കെണിയുമുണ്ടോ എന്ന് ഉറപ്പുവരുത്തി മാത്രം ഒപ്പിടുക.
ഈ കേസിലെ രണ്ടാമത്തെ പ്രതിസ്ഥാനത്ത് ഞാൻ നിർത്തുക ആ ടൈപ്പിസ്റ്റിനെയാണ്. വിദ്യാവിഹീനനായ ഒരാളാണ് തന്നെ സമീപിക്കുന്നതെങ്കിൽ, അയാളുടെ ആവശ്യങ്ങൾ പൂർണ്ണമായും സമയമെടുത്ത് ചോദിച്ചു മനസ്സിലാക്കുക. അയാളെ കെണിയിലാക്കാത്ത രീതിയിലുള്ള ക്ളോസുകൾ മാത്രം ചേർത്ത് പവർ ഓഫ് അറ്റോർണി തയ്യാറാക്കി നൽകുക. തന്റെ കമ്പ്യൂട്ടറിൽ മുമ്പേ സേവ് ചെയ്തുവെച്ച, എല്ലാ പവറുകളും അടങ്ങിയ ജനറൽ പവർ ഓഫ് അറ്റോർണിയുടെ ഫോർമാറ്റിൽ, പ്രിന്സിപ്പാളുടെയും അറ്റോർനിയുടെയും പേരും തിരിച്ചറിയൽ രേഖകളും മാത്രം ചേർത്ത് പ്രിന്റെടുത്ത് കടയുടമയ്ക്കു നൽകുകയാണ് അയാൾ ചെയ്തത്. ടൈപ്പിംഗ് സെന്റർ ഉടമ ചെയ്തത് ശരിയായിരിക്കും എന്ന വിശ്വാസ്സത്തിലാണ് അയാൾ ആ ഡോക്യൂമെന്റിൽ നോട്ടറിയുടെ മുമ്പിൽ ഒപ്പുവെച്ചത്.
ഈ കേസിൽ നോട്ടറി ഒരു നിലയ്ക്കും പ്രതിസ്ഥാനത്ത് വരുന്നില്ല. കാരണം, തന്റെ മുമ്പിൽ കടയുടമ ആ സുപ്രധാന ഡോക്യൂമെന്റിൽ ഒപ്പിടുന്നതിനു മുമ്പ്, അത് വായിച്ചു ബോധ്യപ്പെട്ടിട്ടാണോ ഒപ്പിടുന്നത് എന്ന് ചോദിച്ചിരുന്നു. അതെ എന്ന് സമ്മതിച്ച ശേഷമാണ് കടയുടമ ഒപ്പുവെക്കുന്നത്. ആ ഡോക്യൂമെന്റിന്റെ ഉള്ളടക്കം വായിച്ചു കേൾപ്പിച്ചു കടയുടമയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ആ നോട്ടറിക്കില്ല. കാരണം, ആ നോട്ടറി ഓഫീസറല്ല ആ ഡോക്യുമെന്റ് തയ്യാറാക്കിയത്.
ഈ കേസിലെ ഏറ്റവും മുഖ്യവില്ലൻ, കടയുടമയുടെ ശുദ്ധതയാണ്. കണ്ണടച്ച് സുഹൃത്തിനെയും ടൈപ്പിസ്റ്റിനെയും അയാൾ വിശ്വസിച്ചു എന്നതാണ് കാരണം. ആദ്യമായും അവസാനമായും മനസ്സിലാക്കേണ്ടത്, ഇടപാടുകളിൽ വിശ്വസ്തതയെക്കാൾ വേണ്ടത്, പെർഫെക്ഷനും നിയമ സാധുതയുടെ ഉറപ്പുമാണ്. ഡോക്യുമെന്റ് ഇന്റഗ്രേറ്റഡ് ആകുക എന്നതും പ്രധാനമാണ്. ഉൾക്കൊക്കെണ്ടത് ഉൾക്കൊള്ളുകയും ഉൾക്കൊള്ളേണ്ടതാത്തത് ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുമ്പോഴാണ് ഒരു ഡോക്യുമെന്റ് ഇന്റഗ്രേഡ് ആവുക.. ഇത് രണ്ടുമില്ലെങ്കിൽ, പറ്റിക്കപെടാനുള്ള സാധ്യത ഏറെയാണ്. നമ്മുടെ ഗുണകാംക്ഷികളാണ് എല്ലാവരും എന്ന് ധരിക്കുന്നത് വെറും വെറുതെയാണ്. പുറമെ ചിരിച്ചഭിനയിക്കുന്ന ഭൂരിപക്ഷംപേരും നമ്മുടെ ഗുണകാംക്ഷികളായിക്കൊള്ളണമെന്നില്ല. കണ്ണടച്ച് വിശ്വസിക്കുന്നതിനു പകരം, വ്യക്തമായതും നിയമാനുസൃതമായതുമായ സമഗ്ര ഡോക്യൂമെന്റുകളുടെ അടിസ്ഥാനത്തിൽ മാത്രം ഇടപാടുകൾ നടത്തുക. നിയമപരമായ ഡോക്യൂമെന്റുകൾ തയ്യാറാക്കാൻ അയോഗ്യരായ ആളുകളെ സമീപിക്കുന്നതിന് പകരം, അല്പം തുക കൂടിയാലും, യോഗ്യരായ ആളുകളെ മാത്രം സമീപിക്കുക. ഇതുമാത്രമാണ് ഇത്തരം ഘട്ടങ്ങളിൽ കെണിയിൽ പെടാനുള്ള ഏക പരിഹാരം.